'നമാമി ഗംഗേ' മിഷൻ ഫണ്ട് വിനിയോഗിക്കാത്തതിന് ബിഹാറിനെ വിമർശിച്ച് സി.എ.ജി
text_fieldsപട്ന: പട്നയിലെ മലിനജല ശുദ്ധീകരണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള 'നമാമി ഗംഗേ' പദ്ധതിക്ക് വേണ്ടി അനുവദിച്ച ഫണ്ടിന്‍റെ ഭൂരിഭാഗവും വിനിയോഗിച്ചിട്ടില്ലെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. പദ്ധതി പൂർത്തിയാക്കേണ്ടതിന്‍റെ സമയം കഴിഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
അടുത്തിടെ ബിഹാർ സർക്കാരിന് സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ പദ്ധത്തിക്ക് വേണ്ടി നാല് സാമ്പത്തിക വർഷത്തേക്കായി മാറ്റിവെച്ച ഏകദേശം 684 കോടി രൂപയോളം ബിഹാർ സ്റ്റേറ്റ് ഗംഗാ റിവർ കൺസർവേഷൻ ആൻഡ് പ്രോഗ്രാം മാനേജ്‌മെന്റ് സൊസൈറ്റി (ബി.ജി.സി.എം.എസ്) ഉപയോഗിക്കാതെ വിട്ടതായി പറയുന്നു.
2016-17 മുതൽ 2019-20 വരെയുള്ള കാലയളവിൽ 16 മുതൽ 50 ശതമാനം വരെ ഫണ്ടുകൾ മാത്രമാണ് വിനിയോഗിച്ചതെന്ന് ഓഡിറ്റ് നിരീക്ഷിച്ചു. മുൻപ് അനുവദിച്ച പണം വിനിയോഗിച്ചെന്ന് ഉറപ്പു വരുത്താതെ നാഷനൽ മിഷൻ ഫോർ ക്ലീൻ ഗംഗ (എൻ.എം.സി.ജി) വീണ്ടും പണം അനുവദിച്ചതായി കണ്ടെത്തി.
കൊൽക്കത്ത കഴിഞ്ഞാൽ കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ പട്‌നയിൽ ഡ്രെയിനേജ് സംവിധാനം ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണെന്നും ഇപ്പോൾ ഇത് മോശമായ അവസ്ഥയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
പദ്ധതി നിർവ്വഹണ ഏജൻസിയായ ബിഹാർ അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും പണികൾ പൂർത്തീകരിക്കുന്നതിനുള്ള നിശ്ചിത സമയക്രമം പാലിക്കുന്നതിൽ പരാജയപ്പെട്ടു.
നദിയുടെ ക്ഷേമം ഉറപ്പാക്കേണ്ടത് ദേശീയ തലത്തിൽ പ്രധാനപ്പെട്ട കാര്യമാണെന്നും വിഷയം ഗൗരവമായി എടുക്കണമെന്നും ഗംഗ ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന സംഘടനയായ ഗംഗാ സമഗ്രയുടെ കൺവീനർ പ്രതികരിച്ചു. എന്നാൽ ബിഹാറിലെ നഗരവികസന, ഭവന വകുപ്പ് മന്ത്രി തർക്കിഷോർ പ്രസാദ് വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.