മ്യാൻമർ ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നു -സൂചി
text_fieldsന്യൂഡൽഹി: ഇന്ത്യയുമായി മികച്ച ബന്ധമാണ് മ്യാൻമർ ആഗ്രഹിക്കുന്നതെന്ന് മ്യാൻമർ സ്റ്റേറ്റ് കൗൺസിലറും ജനാധിപത്യ നേതാവുമായ ഓങ്സാൻ സൂചി. ഏത് സമയത്തും സാഹചര്യത്തിലും ഈ സൗഹൃദം തുടരുമെന്ന് വിശ്വസിക്കുന്നു. ഇന്ത്യ സന്ദർശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സൂചി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു സൂചി.
ഗോവയിൽ നടന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് അടക്കം മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് ഓങ്സാൻ സൂചി ഇന്ത്യയിലെത്തിയത്. രാവിലെ സൂചിക്ക് രാഷ്ട്രപതി ഭവനിൽ ആചാരപൂർവമായ വരവേൽപ്പ് നൽകി. ഗാന്ധി സമാധിയായ രാജ്ഘട്ടിൽ സന്ദർശിച്ച സൂചി പുഷ്പചക്രം അർപ്പിച്ചു.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന സൂചി സാമ്പത്തികം, അതിർത്തി സംരക്ഷണം, ഭീകരവാദം, സാംസ്കാരികം, വാണിജ്യം, വ്യാപാരം അടക്കമുള്ള വിഷയങ്ങളിൽ ഉഭയകക്ഷി സഹകരണം ചർച്ച ചെയ്യും.
മ്യാൻമറിൽ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാർട്ടി അധികാരത്തിലേറിയ ശേഷം സൂചിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്. ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായി 1640 കിലോമീറ്റർ അതിർത്തിയാണ് മ്യാൻമർ പങ്കിടുന്നത്. നിരവധി തീവ്രവാദ സംഘടനകൾ മ്യാൻമറിന്‍റെ അതിർത്തി പ്രദേശങ്ങളാണ് പരിശീലന, താമസ കേന്ദ്രങ്ങളായി ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.