'ഔറംഗസീബിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ല'; നാഗ്പൂർ അക്രമത്തെ അപലപിച്ച് ആർ.എസ്.എസ് നേതാവ്
text_fieldsസുനിൽ അംബേദ്കർ
ബംഗളൂരു: ഔറംഗസീബിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ലെന്ന് ആർ.എസ്.എസിന്‍റെ ദേശീയ പ്രചാരണ ചുമതലയുള്ള നേതാവ് സുനിൽ അംബേദ്കർ. ഔറംഗസീബിന്‍റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി നാഗ്പൂരിലുണ്ടായ സംഘർഷത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 21ന് ബംഗളൂരുവിൽ നടക്കാനിരിക്കുന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് സുനിൽ അംബേദ്കറുടെ വാക്കുകൾ.
300 വർഷം മുമ്പ് മരിച്ച ഔറംഗസീബിന് ഇപ്പോൾ പ്രസക്തിയുണ്ടോയെന്നും ശവകുടീരം നീക്കേണ്ടതുണ്ടോയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. 'ഔറംഗസീബിന് ഇപ്പോൾ പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല' എന്നായിരുന്നു മറുപടി. ഒരു തരത്തിലുള്ള അക്രമവും സമൂഹത്തിന് നല്ലതല്ല എന്നായിരുന്നു നാഗ്പൂർ അക്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി.
ചൊവ്വാഴ്ച രാത്രിയാണ് ഔറംഗസീബിന്റെ ശവകുടീരത്തെ ചൊല്ലി നാഗ്പൂരിൽ അക്രമമുണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷത്തെതുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നും സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു വ്യാപക അക്രമം. 17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ ശവകുടീരം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. നേരത്തെ ഔറംഗാബാദ് എന്നായിരുന്നു ഛത്രപതി സംഭാജിനഗറിന്‍റെ പേര്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.