'ഔറംഗസേബ് മതേതര വാദിയായിരുന്നില്ല'; ഔറംഗാബാദിന്‍റെ പേരുമാറ്റത്തെ ന്യായീകരിച്ച് ഉദ്ദവ് താക്കറെ
text_fieldsമുംബൈ: ഔറംഗാബാദിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭരണസഖ്യത്തിൽ തമ്മിലടി തുടരുന്നു. ഔറംഗാബാദിന്‍റെ പേര് സംബാജി നഗർ എന്നാക്കണെമന്ന ശിവസേനയുടെ ആവശ്യം കോൺഗ്രസ് അംഗീകരിക്കാതെ വന്നതോടെയാണ് വിള്ളൽ. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പേരുമാറ്റത്തെ അനുകൂലിച്ച് രംഗത്തെത്തി. മഹാരാഷ്ട്രയിലെ സഖ്യത്തിന്‍റെ അജണ്ട മതേതരത്വത്തോട് ചേർന്നു നിൽക്കുക എന്നതാണ്, അതിനാൽ തന്നെ മുഗൾ ഭരണാധികാരി ഔറംഗസേബ് ഈ നയത്തോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വിട്ട് ശിവസേനയിലെത്തിയ വസന്ത് ഗെയ്റ്റിനെയും സുനിൽ ബാഗുലിനെയും സ്വാഗതം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താക്കറെ.
ഔറംഗസേബിന്‍റെ പേര് സൂചിപ്പിക്കുന്ന ഔറംഗബാദിന് പകരം മറാത്ത ഭരണാധികാരിയുടെ സ്മരണാർഥം സംബാജി നഗർ എന്നാക്കാനാണ് നീക്കം. 'ഒൗറംഗസേബ് ഒരിക്കലും മതേതര വാദിയായിരുന്നില്ല. നമ്മുടെ അജണ്ട മതേതരത്വത്തോട് ചേർന്നു നിൽക്കുക എന്നതും. അതിനാൽ ഔറംഗസേബിനെ പോലൊരു വ്യക്തി ഇതിനോട് ചേരില്ല' -ഉദ്ദവ് താക്കറെ പറഞ്ഞു.
'എന്ത് പുതിയ കാര്യമാണ് ഞാൻ ചെയ്തത്. ഞങ്ങൾ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും ശിവസേന മേധാവി ബാൽ താക്കറെ പറഞ്ഞതും ഞാൻ പ്രാവർത്തികമാക്കുന്നു' -രണ്ടുദിവസമായി ഔറംഗാബാദിനെ സംബാജി നഗർ എന്ന് താക്കറെയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ സൂചിപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബുധനാഴ്ച മന്ത്രിസഭ യോഗവിവരം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കുേമ്പാൾ ഔറംഗാബാദിനെ സംബാജി നഗറെന്നാണ് താക്കറെ വിശേഷിപ്പിച്ചത്. ട്വീറ്റ് മെഡിക്കൽ വിദ്യാഭ്യാസമന്ത്രിയെയും കോൺഗ്രസ് നേതാവ് അമിത് ദേശ്മുഖിനെയും ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു. വ്യാഴാഴ്ചയും സംബാജി നഗർ എന്നു സൂചിപ്പിക്കുന്ന പോസ്റ്റുകൾ താക്കറെ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.