കോവാക്സിൻ സ്വീകരിച്ചവർക്കും ഇനി ആസ്ട്രേലിയയിൽ പ്രവേശനാനുമതി
text_fieldsന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ സ്വീകരിച്ചവർക്കും ഇനി ആസ്ട്രേലിയയിൽ പ്രവേശിക്കാം. അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ ആസ്ട്രേലിയൻ സർക്കാർ കോവാക്സിനും ഉൾപ്പെടുത്തി.
കഴിഞ്ഞമാസം ആസ്ട്രേലിയ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകിയിരുന്നു. ബെയ്ജിങ്ങിലെ സിനോഫാമിന്‍റെ വാക്സിനും ആസ്ട്രേലിയൻ ഫാർമ റെഗുേലറ്ററായ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (ടി.ജി.എ) അംഗീകാരം നൽകി.
'ഇന്ന് കോവാക്സിനും സിനോഫാമിന്‍റെ വാക്സിനും സ്വീകരിച്ചവർക്ക് ആസ്ട്രേലിയയിൽ പ്രേവശിക്കാൻ ടി.ജി.എ അനുമതി നൽകി. 12 വയസിന് മുകളിലുള്ള കോവാക്സിൻ സ്വീകരിച്ചവർക്കും 18നും 60നും ഇടയിൽ പ്രായമുള്ള ബി.ബി.ഐ.ബി.പി കോർവ് സ്വീകരിച്ചവർക്കും യാത്രാനുമതി നൽകും' -പ്രസ്താവനയിൽ പറയുന്നു.
ആസ്ട്രേലിയിൽ പഠിക്കുന്ന വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഈ തീരുമാനം ഉപകാരമാകും. അതേസമയം കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് ക്വാറന്‍റീൻ നിബന്ധനകളുണ്ടാകും. കൂടാതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും വേണ്ടിവരും.
ലോകാരോഗ്യ സംഘടന കോവാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകുന്നതിന് ഭാരത് ബയോടെക്കിൽനിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആസ്ട്രേലിയൻ സർക്കാർ തീരുമാനം. കഴിഞ്ഞദിവസം ഒമാൻ ഭരണകൂടവും കോവാക്സിന് അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.