മോദിയെ പ്രകീർത്തിക്കുന്ന റീലിനെതിരെ ആസ്ട്രേലിയൻ ഗായിക; വെട്ടിലായി കർണാടക ബി.ജെ.പി
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുന്ന കർണാടക ബി.ജെ.പിയുടെ ഇൻസ്റ്റഗ്രാം റീലിനെതിരെ ആസ്ട്രേലിയൻ ഗായിക. ഗാനരചയിതാവ് കൂടിയായ ലെങ്ക ക്രിപാക് ആണ് റീലിനെതിരെ രംഗത്തെത്തിയത്. ലെങ്ക രചിച്ച ‘എവരിതിങ് അറ്റ് വൺസ്’ എന്ന ഗാനമാണ് റീലിൽ ഉപയോഗിച്ചിരിക്കുന്നത്.
അനുവാദം കൂടാതെയാണ് ഗാനം റീലിൽ ഉപയോഗിച്ചതെന്ന് ലെങ്ക ചൂണ്ടിക്കാട്ടിയതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായി. പിന്നാലെ അവർ റീൽ പിൻവലിക്കുകയും ചെയ്തു. ഈ ഗാനം ഉപയോഗിക്കുന്നതിനു താൻ അനുവാദം നൽകിയിട്ടില്ലെന്ന് കർണാടക ബി.ജെ.പി പങ്കുവെച്ച റീലിനു താഴെ ലങ്ക കമന്‍റ് ചെയ്തിരുന്നു. ഇത് റീലാണെന്നും എന്തിനാണ് അനുവാദമെന്നും ഒരു യൂസർ ചോദിക്കുന്നുണ്ട്. റീലിന്റെ ഉള്ളടക്കം രാഷ്ട്രീയമോ പരസ്യമോ ആണെങ്കിൽ അനുവാദം വേണമെന്നാണ് ഗായിക ഇതിന് മറുപടി നൽകിയത്.
പിന്നാലെയാണ് റീൽ ഡിലീറ്റ് ചെയ്തത്. പശ്ചാത്തല സംഗീതത്തിനപ്പുറം ലെങ്കയുടെ പാട്ടിലെ ഒരു ഭാഗം തന്നെ എടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധ ദൃശ്യങ്ങൾ ചേർത്ത് വിഡിയോ തയാറാക്കിയത്. നിരവധി ആസ്ട്രേലിയന്‍ ചിത്രങ്ങളില്‍ വേഷമിട്ട നടി കൂടിയാണ് ലെങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.