ശിക്ഷ വിധിക്കാൻ വിശ്വസനീയ മരണമൊഴി മാത്രം മതിയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോടതിക്ക് വിശ്വസിക്കാവുന്ന മരണമൊഴി പ്രതിയുടെ ശിക്ഷ വിധിക്കാൻ ആശ്രയിക്കാമെന്ന് സുപ്രീംകോടതി. 22 വർഷം മുമ്പ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നടന്ന കൊലയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. പൊലീസ് കോൺസ്റ്റബിളായ ഭാര്യയെ കൊന്ന കേസിൽ വിമുക്ത ഭടനായ ഭർത്താവിനുള്ള ശിക്ഷ കോടതി ശരിവെച്ചു.
മരണമൊഴി സസൂക്ഷ്മം വിലയിരുത്തണം. അത് ആരും പറഞ്ഞുപഠിപ്പിച്ചതല്ലെന്ന് വ്യക്തമാകണം. വിശ്വസനീയമാണെന്ന് ബോധ്യപ്പെടണം. അങ്ങനെ വന്നാൽ മറ്റു തെളിവുകളൊന്നുമില്ലെങ്കിലും ശിക്ഷ വിധിക്കാമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
കേസ് പരിഗണിക്കവെ, കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവും ഭർതൃസഹോദരനും ഭർത്താവിന്റെ വീട്ടുകാരും അവരെ ക്രൂരതക്കിരയാക്കിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കൊല നടന്ന ദിവസം ഭർത്താവും സഹോദരനും സ്ത്രീയെ മർദിച്ച് കെട്ടിയിട്ടു. തുടർന്ന് ഭർതൃസഹോദരൻ മണ്ണെണ്ണയും തീപ്പെട്ടിയുമായി വന്നു. ഭർത്താവ് തീകൊളുത്തി. സ്ത്രീക്ക് ഗുരുതര പൊള്ളലേറ്റു. അയൽക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. അവിടെ വെച്ച് മരണമൊഴി രേഖപ്പെടുത്തി. പൊലീസ് കേസുമെടുത്തു. 2008ൽ വിചാരണ കോടതി ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ചു. ഇത് ബോംബെ ഹൈകോടതി ശരിവെച്ചു. തുടർന്നാണ് ഭർത്താവ് സുപ്രീംകോടതിയിലെത്തിയത്.
2016ൽ സുപ്രീംകോടതി ഇയാൾക്ക് ജാമ്യം നൽകി. ഇതിനകം ഒമ്പതുകൊല്ലം ശിക്ഷയനുഭവിച്ചു എന്ന കാരണമാണ് കോടതി അന്നു പറഞ്ഞത്. എന്നാൽ, മരണമൊഴി കൃത്യമായി വിലയിരുത്തിയെന്നും പ്രതി കുറ്റക്കാരനാണെന്ന് വ്യക്തമായെന്നും സുപ്രീംകോടതി വ്യക്തമാക്കി. ശിക്ഷ പൂർത്തിയാക്കാൻ പ്രതി രണ്ടാഴ്ചക്കുള്ളിൽ വിചാരണ കോടതി മുമ്പാകെ കീഴടങ്ങണമെന്ന് ഉത്തരവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.