ആധാർ വിവരങ്ങൾ ചോരുന്നുണ്ടോ എന്ന് കണ്ടെത്താൻ ഹാക്കർമാരെ സമീപിച്ച് അതോറിറ്റി
text_fieldsന്യൂഡൽഹി: ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന സംവിധാനത്തിന് സുരക്ഷാ പ്രശ്നങ്ങളുണ്ടോ എന്നറിയാൻ ഹാക്കർമാരെ സമീപിച്ച് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. പ്രമുഖരായ 20 ഹാക്കർമാരെയാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ ബേസിന്റെ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താനായി നിയോഗിക്കുക. 132 കോടി ജനങ്ങളുടെ ആധാർ വിവരങ്ങളാണ് സർക്കാറിന്റെ കൈവശമുള്ളത്. 'ബഗ് ബൗണ്ടി പ്രോഗ്രാം' എന്നാണ് സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താനുള്ള പദ്ധതിക്ക് പേരിട്ടത്.
ആധാർ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്.
എത്തിക്കൽ ഹാക്കർമാരാണ് ബഗ് ബൗണ്ടി പ്രോഗ്രാമിൽ പങ്കെടുക്കുകയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 13നാണ് യു.ഐ.ഡി.എ.ഐ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
132 കോടി ജനങ്ങളുടെ ആധാർ വിവരങ്ങൾ സൂക്ഷിച്ച ഡാറ്റാ ബേസിനെ കുറിച്ച് പഠിക്കാൻ 20 ഹാക്കർമാർക്ക് അവസരം നൽകും. ഹാക്കർ വൺ, ബഗ്ക്രൗഡ് പോലുള്ള ബഗ് ബൗണ്ടി ലീഡേഴ്സ് ബോർഡിലെയും മൈക്രോസോഫ്റ്റ്, ഗൂഗ്ൾ, ഫേസ്ബുക്ക്, ആപ്പ്ൾ പോലുള്ള കമ്പനികൾ നടത്തിയ ബഗ് ബൗണ്ടി പ്രോഗ്രാമുകളിൽ പങ്കെടുത്ത ഹാക്കർമാരുടെയും പട്ടികയിൽ നിന്നാണ് ഏറ്റവും മിടുക്കരായ 20 ഹാക്കർമാരെ തെരഞ്ഞെടുക്കുകയെന്ന് യു.ഐ.ഡി.എ.ഐയുടെ ഉത്തരവ് പറയുന്നു.
തെരഞ്ഞെടുക്കുന്നവർ യു.ഐ.ഡി.എ.ഐയുമായി കരാർ ഒപ്പുവെക്കണം. കൂടാതെ ഈ ഹാക്കർമാർ ഇന്ത്യക്കാരായിരിക്കുകയും അവർക്ക് സർക്കാർ നൽകിയ ആധാർ നമ്പർ ഉണ്ടായിരിക്കുകയും വേണമെന്നും പങ്കെടുക്കുന്ന ഹാക്കർമാർ ഒരു സംഘടനകളുമായും ബന്ധമുള്ളവരായിരിക്കരുതെന്നും നിബന്ധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.