പൗരത്വമില്ലാത്തവർക്കും ആധാർ കാർഡ് നൽകാമെന്ന് അതോറിറ്റി
text_fieldsകൊൽക്കത്ത: ആധാർ കാർഡ് അനുവദിക്കുന്നതും പൗരത്വവുമായി ഒരു ബന്ധവുമില്ലെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) കൽക്കത്ത ഹൈകോടതിയെ അറിയിച്ചു. നിയമപരമായി രാജ്യത്ത് പ്രവേശിച്ച സ്ഥിരതാമസക്കാരല്ലാത്തവർക്കും അപേക്ഷിച്ചാൽ ആധാർ കാർഡ് അനുവദിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ ആധാർ കാർഡുകൾ പെട്ടെന്ന് നിർജീവമാക്കുകയും സജീവമാക്കുകയും ചെയ്യുന്ന നടപടിക്കെതിരെ ‘ജോയൻറ് ഫോറം എഗൻസ്റ്റ് എൻ.ആർ.സി’ എന്ന സംഘടന നൽകിയ ഹരജി പരിഗണിക്കവേയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുന്നത്.
ആരാണ് വിദേശിയെന്ന് തീരുമാനിച്ച് അവരുടെ ആധാർ കാർഡ് നിർജീവമാക്കാൻ അനിയന്ത്രിതാധികാരം നൽകുന്ന ആധാർ നിയമങ്ങളിലെ 28എ, 29 ചട്ടങ്ങളുടെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് സംഘടന കോടതിയെ സമീപിച്ചത്. എന്നാൽ, ഹരജി നൽകിയത് രജിസ്റ്റർ ചെയ്ത സംഘടനയല്ലെന്ന് യു.ഐ.ഡി.എ.ഐക്ക് വേണ്ടി ഹാജരായ ലക്ഷ്മി ഗുപ്ത പറഞ്ഞു.
ആധാർ കാർഡിന് പൗരത്വവുമായി ഒരു ബന്ധവുമില്ല. പൗരന്മാരല്ലാത്തവർക്കും സർക്കാർ സബ്സിഡി ലഭിക്കാൻ നിശ്ചിത കാലത്തേക്ക് ആധാർ കാർഡ് അനുവദിക്കാമെന്നും അവർ പറഞ്ഞു. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.