നിരക്ക് പരിഷ്കരണം: ചെന്നൈയിൽ ഓട്ടോ ഡ്രൈവർമാർ പണിമുടക്കി
text_fieldsചെന്നൈ: മീറ്റർ നിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഓട്ടോ ഡ്രൈവർമാർ ബുധനാഴ്ച പണിമുടക്കി. സി.ഐ.ടി.യുവുമായും മറ്റ് ഡ്രൈവർ ഫെഡറേഷനുകളുമായും ബന്ധപ്പെട്ട വിവിധ യൂനിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
ഒരു ലക്ഷത്തോളം ഡ്രൈവർമാർ റോഡുകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് യൂനിയനുകൾ അവകാശപ്പെടുന്നു. ബൈക്ക് ടാക്സികളിൽ നിന്നുള്ള മത്സരം വർധിക്കുകയും വരുമാനം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമരം. ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യങ്ങൾക്ക് ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച എഗ്മോറിലെ രാജരതിനം സ്റ്റേഡിയത്തിലും താരാപൂർ ടവേഴ്‌സിന് സമീപമുള്ള അണ്ണാ ശാലൈയിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും സമരക്കാർ അറിയിച്ചു.
തമിഴ്‌നാട്ടിൽ അവസാനമായി നിരക്ക് പരിഷ്‌ക്കരിച്ചത് 2013 ലാണ്. നിരക്ക് പരിഷ്കരിക്കുകയോ സർക്കാർ നടത്തുന്ന റൈഡ്-ഹെയ്‌ലിംഗ് ആപ്പ് അവതരിപ്പിക്കുകയോ ചെയ്യണമെന്നാണ് സർക്കാരിനോട് സമരക്കാർ ആവശ്യപ്പെട്ടത്.
അതിനിടെ, ചില ഡ്രൈവർമാർ സ്വതന്ത്രമായി പുതുക്കിയ നിരക്ക് ഘടന അവതരിപ്പിച്ചു. അടിസ്ഥാന നിരക്കായി 50 രൂപയും 1.8 കിലോമീറ്ററിന് ശേഷം കിലോമീറ്ററിന് 18 രൂപയും എന്നരീതിയിലാണ് പുതിയ നിരക്ക്. ഒരു ചെറിയ വിഭാഗം മാത്രമേ അത് നടപ്പിലാക്കിയുള്ളൂവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.