മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം; ഭീകരാക്രമണ സാധ്യത അന്വേഷിക്കാൻ സുരക്ഷാ ഏജൻസികൾ
text_fieldsമംഗളൂരു: തീരദേശ കർണാടകയിലെ മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം. ഡ്രൈവറും യാത്രക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷ നിർമാണ പ്രവൃത്തികൾ നടക്കുന്ന കെട്ടിടത്തിന് സമീപം എത്തിയപ്പോൾ പൊട്ടിത്തെറിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.
സ്ഫോടനത്തിന്‍റെ ഭയാനകമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെട്ടെന്നുള്ള പൊട്ടിത്തെറിയിൽ ഓട്ടോറിക്ഷക്ക് തീപിടിക്കുന്നതും നാട്ടുകാർ ഓടികൂടുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ ഇരുവരുടേയും നില തൃപ്തികരമാണ്. യാത്രക്കാരന്‍റെ കൈയ്യിലുണ്ടായിരുന്ന ബാഗ് തുറക്കുന്നതിനിടെയാണ് സ്ഫോടനമെന്നാണ് റിപ്പോർട്ട്.
സംഭവത്തിന്‍റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഉൗഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും സിറ്റി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ പറഞ്ഞു. 'സ്ഫോടനത്തിന് പിന്നിലെ കാരണം ഫോറൻസിക് സംഘം അന്വേഷിക്കുന്നുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. വിശദമായ അന്വേഷണം നടക്കുകയാണ്'- കമ്മീഷണർ വ്യക്തമാക്കി. അതേസമയം, സംഭവം ഭീകരാക്രമണമാണോ അല്ലയോ എന്ന് സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.