'ഓട്ടോറിക്ഷ മെഴ്സിഡസിനെ പിന്നിലാക്കി' -ഉദ്ധവ് താക്കറെയെ ട്രോളി ഏക്നാഥ് ഷിൻഡെ
text_fieldsമുംബൈ: ഓട്ടോറിക്ഷ ഓടിച്ചിരുന്ന തന്റെ ഭൂതകാലത്തെ കുറിച്ച് പരാമർശിച്ച ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെക്ക് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം സൂചിപ്പിച്ച് ഓട്ടോറിക്ഷ മെഴ്സിഡസിനെ ബഹുദൂരം പിന്നിലാക്കിയെന്നായിരുന്നു ഷിൻഡെയുടെ പരിഹാസം.
സാധാരണക്കാർക്കു വേണ്ടിയാണ് തന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലകൊള്ളുന്നതെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുമെന്നും ഷിൻഡെ എ.എൻ.ഐക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എല്ലാവർക്കും ഇത് തങ്ങളുടെ സർക്കാരാണിതെന്ന് തോന്നുന്ന രീതിയിലായിരിക്കും ഭരണമെന്നും ഷിൻഡെ ആവർത്തിച്ചു.
എം.വി.എ സർക്കാരിനെ ബി.ജെ.പി ത്രീ വീലർ സർക്കാർ എന്നാണ് വിളിച്ചിരുന്നതെന്നും എന്നാൽ ഇപ്പോൾ മുച്ചക്ര വാഹനം ഓടിച്ചയാളാണ് സർക്കാരിന്റെ തലപ്പത്തെന്നുമുള്ള ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷിൻഡെ. ഷിൻഡെ തന്നെ പിറകിൽ കുത്തിയെന്നും താക്കറെ ആരോപിച്ചിരുന്നു.
ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ ആഭ്യന്തര കലാപമാണ് ഉദ്ധവ് താക്കറെയുടെ രാജിയിലേക്ക് നയിച്ചത്. അധികാരത്തിനു വേണ്ടി മാത്രമല്ല, പ്രത്യയ ശാസ്ത്രംതിരിച്ചുപിടിക്കാൻ കൂടിയാണ് ബി.ജെ.പിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചത്. മഹാരാഷ്ട്രയുടെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും ഷിൻഡെ സൂചിപ്പിച്ചു. 'കേന്ദ്രസർക്കാർ നമ്മോടൊപ്പമുണ്ട് എന്നത് വലിയൊരു കാര്യമാണ്. നിയമവിരുദ്ധമായി ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല'-ഷിൻഡെ ചൂണ്ടിക്കാട്ടി.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന-ബി.ജെ.പി സഖ്യം 200 സീറ്റ് നേടുമെന്ന ചോദ്യത്തിന് ഇപ്പോൾ തന്നെ 170 എം.എൽ.എമാർ ഒപ്പമുണ്ടെന്നും 30 പേരുടെ പിന്തുണ മാത്രമാണ് ഇനി വേണ്ടതെന്നും ഷിൻഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.