മാധ്യമപ്രവർത്തകരോടുള്ള വിരട്ടൽ അവസാനിപ്പിക്കണം -എഡിറ്റേഴ്സ് ഗിൽഡ്
text_fieldsന്യൂഡൽഹി: ഉത്തരവാദിത്ത നിർവഹണം നടത്തുന്ന മാധ്യമപ്രവർത്തകരെ വിരട്ടുന്ന രാഷ്ട്രീയ നേതാക്കളുടെ ശൈലിയിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. കൊച്ചിയിൽ അഖില നന്ദകുമാറിനെതിരായ കേസ്, അമേത്തിയിൽ ദൈനിക് ഭാസ്കർ ലേഖകനോടുള്ള മന്ത്രി സ്മൃതി ഇറാനിയുടെ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തിലാണ് എഡിറ്റേഴ്സ് ഗിൽഡ് രംഗത്തുവന്നത്.
അമേത്തിയിൽ സ്മൃതി ഇറാനി മാധ്യമപ്രവർത്തകനെ വിരട്ടുന്നതിന്‍റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ചോദ്യമുന്നയിച്ചപ്പോൾ പത്രം ഉടമയെ വിളിക്കുന്നുണ്ട് താൻ, ഒരു പത്രക്കാരനും ജനങ്ങളെ അവഹേളിക്കാൻ അവകാശമില്ല എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മാധ്യമപ്രവർത്തകൻ സ്ഥാപനത്തിൽനിന്ന് പുറത്താക്കപ്പെട്ടു. ഇതൊരു പീഡിപ്പിക്കൽ തന്ത്രമാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവുമാണ്. രാഷ്ട്രീയ സമ്മർദങ്ങൾക്ക് അടിപ്പെടാതെ പുറത്താക്കിയ മാധ്യമ പ്രവർത്തകനെ ജോലിയിൽ തിരിച്ചെടുക്കാൻ ദൈനിക് ഭാസ്കർ തയാറാകണം.
കേരളത്തിൽ ഭരണകക്ഷിയായ സി.പി.എമ്മിന്‍റെ വിദ്യാർഥി സംഘടന എസ്.എഫ്.ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയെന്നു കാട്ടി എസ്.എഫ്.ഐ നേതാവ് നൽകിയ പരാതി പ്രകാരമാണ് കേസ്.
രാഷ്ട്രീയ നേതാക്കൾക്കെതിരെ വാർത്ത കൊടുത്താൽ കേസും ചോദ്യം ചെയ്യലും എന്ന രീതി അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്നതാണ്. കേസ് ഉടനടി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്‍റ് സീമ മുസ്തഫ, ജനറൽ സെക്രട്ടറി ആനന്ദ് നാഥ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.