Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൊഴിലന്വേഷകരേ......

തൊഴിലന്വേഷകരേ... തലവെക്കരുത് തട്ടിപ്പുകൾക്ക്

text_fields
bookmark_border
തൊഴിലന്വേഷകരേ... തലവെക്കരുത് തട്ടിപ്പുകൾക്ക്
cancel
Listen to this Article
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച തകർച്ചയിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന പാവങ്ങൾക്ക് തൊഴിൽ വാഗ്ദാനം നൽകി പണം തട്ടാൻ വലവിരിച്ചു കാത്തിരിക്കുകയാണ് ക്രിമിനലുകൾ. ഗൾഫിൽ തൊഴിൽ മോഹിപ്പിച്ചാണ് ദിനേന ആയിരക്കണക്കിനാളുകളെ ചൂഷണത്തിനിരയാക്കുന്നത്.
ഹോട്ടൽ-ആരോഗ്യ രംഗത്ത് ജോലിയെന്ന പേരിൽ വിളിച്ചുവരുത്തി അനാശാസ്യപ്രവൃത്തികൾക്ക് പ്രേരിപ്പിക്കുന്ന സംഭവങ്ങളും നിരവധി. വഞ്ചിക്കപ്പെടുന്നതിലേറെയും മലയാളികളാണെന്നത് മറ്റൊരു സത്യം. ഈ വഞ്ചനയുടെ കാണാപ്പുറം ഗൾഫ് മാധ്യമം ലേഖകർ അന്വേഷണ വിധേയമാക്കുന്നു... ഇന്നു മുതൽ വായിക്കുക..

കൊടിയിറങ്ങിയ എക്സ്പോയുടെ പേരിലും തട്ടിപ്പ്

'യു.എ.ഇയിൽ ജോലിയില്ലാതെ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ എക്സ്പോയിൽ ജോലി ഒഴിവുണ്ട്. താൽപര്യമുള്ളവർ 0504058211 എന്ന നമ്പറിലേക്ക് വാട്സ്ആപ് മെസേജ് അയക്കുക'- യു.എ.ഇയിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും വ്യാപകമായി പ്രചരിച്ച സന്ദേശമാണിത്. എക്സ്പോയുടെ ലോഗോയാണ് വാട്സ്ആപ് നമ്പറി‍െൻറ െപ്രാഫൈൽ ചിത്രം. ഇതിലേക്ക് മെസേജ് അയച്ചാൽ നന്ദി അറിയിച്ചുള്ള മറുപടി ഉടൻ ലഭിക്കും.

തൊഴിലാളികളെ എക്സ്പോ നേരിട്ട് റിക്രൂട്ട് ചെയ്യുന്നില്ലെന്നും എന്നാൽ, മറ്റു സ്ഥാപനങ്ങളിലേക്ക് ക്ലീനർ, സെക്യൂരിറ്റി, ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ജോലിക്ക് താൽപര്യമുണ്ടെങ്കിൽ അറിയിക്കാനുമായിരിക്കും അടുത്ത സന്ദേശം. കൂടെ ഒരു ലിങ്കും. ഇതിൽ ക്ലിക്ക് ചെയ്താൽ 'എക്സ്പോ വർക്കർ വെൽഫെയർ സർവേ' എന്ന വെബ് പേജിലെത്തും. ഇതിൽ എക്സ്പോയുടെ ഒറിജിനൽ ലോഗോ കാണുന്നതോടെ ആരും വിശ്വസിച്ചുപോകും.

താഴോട്ട് സ്ക്രോൾ ചെയ്യുമ്പോൾ കുറെ ചോദ്യങ്ങളാണ്. പേര്, ജനനതീയതി, രാജ്യം, വിസ, ഇമെയിൽ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളെല്ലാം നൽകണം. വേണ്ട ജോലി തെരഞ്ഞെടുക്കാനുള്ള അവസരവും ഇവിടെയുണ്ട്. ഇതു പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുന്നതോടെ അപേക്ഷകൻ അവരുടെ വലയിലായിക്കഴിഞ്ഞു. പിന്നീട് എല്ലാം നേരിട്ടാണ്. ഫോൺ നമ്പറിലേക്ക് വൈകാതെ വിളിയെത്തും. മികച്ച ജോലി, ശമ്പളം തുടങ്ങിയ വാഗ്ദാനങ്ങളെല്ലാമുണ്ടാകും. ചിലർ വീഴും, ചിലർ വഴുതും. വീഴുന്നവരിൽ നിന്ന് വിസ, താമസം, അഡ്വാൻസ് തുടങ്ങി പല പേരുകളിൽ വൻ തുക വാങ്ങിയെടുക്കുന്നതിൽ ഈ കെണിയൊരുക്കുന്നവർ വിദഗ്ധരാണ്. 1500 ദിർഹം (30,000 രൂപ) മുതൽ മുകളിലേക്കായിരിക്കും ശമ്പള വാഗ്ദാനം. പണം നൽകിക്കഴിയുന്നതോടെ മറുതലക്കലെ സൗഹൃദവും നിലക്കും.

വേൾഡ് എക്സ്പോയുടെ ചരിത്രത്തിൽ പുത്തനധ്യായം എഴുതിച്ചേർത്ത് ദുബൈ എക്സ്പോയിൽ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾക്ക് അംഗീകൃത ചാനലുകളും ഏജൻസികളും വഴി ജോലി ലഭിച്ചിരുന്നു. എന്നാൽ, എക്സ്പോയുടെ ചിഹ്നം പതിപ്പിച്ച സന്ദേശവുമായി തട്ടിപ്പ് നടത്തുന്ന ക്രിമിനലുകൾക്ക് ഇത്തരം ഏജൻസികളുമായി പുലബന്ധം പോലുമില്ല എന്നതാണ് യാഥാർഥ്യം. എക്സ്പോ കൊടിയിറങ്ങിയശേഷവും അവർ തട്ടിപ്പ് തുടരുകയാണ്.

കോവിഡ് പ്രതിസന്ധി മാറിവരുന്ന സാഹചര്യത്തിൽ പെൺകുട്ടികളെ ഹോട്ടലുകളിൽ ജോലിക്ക് കൊണ്ടുവന്ന് ചതിയിൽപ്പെടുത്തുന്ന സംഭവങ്ങളും ഏറെ കേൾക്കുന്നുണ്ടിപ്പോൾ. വലിയ ഹോട്ടൽ ശൃംഖലയാണെന്നും നല്ല ശമ്പളം നൽകുമെന്നും മോഹിപ്പിച്ചാണ് ഏജന്‍റുമാർ മുഖേന നാട്ടിൽനിന്ന് പെൺകുട്ടികളെ ഗൾഫിലെത്തിക്കുന്നത്. എന്നാൽ, ഇവിടെ എത്തിക്കഴിഞ്ഞാണ് ചതി തിരിച്ചറിയുക.

അടുത്തിടെ ബഹ്റൈനിലെത്തി കുടുങ്ങിയ ചില മലയാളി പെൺകുട്ടികൾ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. ഹോട്ടലിലോ ബാറിലോ ജോലി എന്നു പറഞ്ഞാണ് റിക്രൂട്ട്മെൻറ്. എന്നാൽ, ഇവിടെ എത്തിയാൽ ആശാസ്യമല്ലാത്ത പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുന്നതായാണ് പരാതി. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബത്തിലെ പെൺകുട്ടികളാണ് കൂടുതലും കെണിയിൽപ്പെടുന്നത്.

കഴിഞ്ഞ മാസം മലബാർ ഭാഗത്തുനിന്നെത്തിയ 22 വയസ്സുള്ള പെൺകുട്ടിയും പ്രലോഭനങ്ങളിൽ പെട്ടാണ് വിമാനം കയറിയത്. പക്ഷേ, ഹോട്ടലിൽ ജോലിക്ക് കയറി ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ചതി മറനീക്കിയത്. ഭാഗ്യംകൊണ്ട് ഈ കുട്ടിക്ക് യഥാസമയം സാമൂഹിക പ്രവർത്തകരെ ബന്ധപ്പെടാൻ കഴിഞ്ഞു. അവരുടെ ഇടപെടലാണ് ഇവർക്ക് രക്ഷയായതും നാട്ടിലേക്കുള്ള വഴി തുറന്നതും.

ഏതെങ്കിലും ഹോട്ടലിന്റെ പേര് പറഞ്ഞാണ് ഏജന്‍റ് പെൺകുട്ടികളെ നാട്ടിൽനിന്ന് കൊണ്ടുവരുന്നത്. എന്നാൽ, ഗൾഫിലെത്തുന്നേതാടെ എല്ലാം തകിടം മറിയുന്നു. ജോലിക്കായി വിമാനം കയറുംമുമ്പ് കൃത്യമായ വിവരങ്ങൾ അന്വേഷിച്ച് ഉറപ്പുവരുത്തുക മാത്രമാണ് പോംവഴി.

നാട്ടിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മൂലം നട്ടംതിരിയുന്നവരും ഗൾഫിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങേണ്ടി വന്നവരും ഏതുവിധേനയും ഒന്ന് ഗൾഫിലെത്തി ജീവിതം പച്ചപിടിപ്പിക്കാൻ വഴി തേടുകയാണ് എന്നതിനാൽ വാഗ്ദാനങ്ങൾ കേട്ടപാതി കേൾക്കാത്ത പാതി കിടപ്പാടം പണയംവെച്ചാണെങ്കിലും പണം നൽകാമെന്ന മാനസികാവസ്ഥയിലാണ്. നാട്ടിലെ ഈ ദുരിതാവസ്ഥയാണ് തട്ടിപ്പ് സംഘങ്ങൾക്ക് തണലായി മാറുന്നത്.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recruitment scam
News Summary - Avoid Becoming A Victim of Recruitment Scams
Next Story