മഹാരാഷ്ട്രയിൽ മഹായുതി ഭരണം തുടരുമെന്ന് ആക്സിസ് മൈ ഇന്ത്യ; 200 സീറ്റ് വരെ നേടുമെന്ന് പ്രവചനം
text_fieldsമുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ശിവസേന (ഷിൻഡെ)-എൻ.സി.പി (അജിത് പവാർ) സഖ്യമായ മഹായുതി ഭരണം നിലനിർത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. 288 അംഗ സഭയിൽ 178 മുതൽ 200 വരെ സീറ്റുകൾ സഖ്യം നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് -ശിവസേന (ഉദ്ധവ്)-എൻ.സി.പി (ശരദ് പവാർ) സഖ്യമായ മഹാവികാസ് അഘാഡി (എം.വി.എ) 82 മുതൽ 100 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
മഹായുതിക്ക് 48 ശതമാനം വോട്ട് ഷെയറും എം.വി.എക്ക് 37 ശതമാനം വോട്ട് ഷെയറുമാണ് ആക്സിസ് പ്രവചിക്കുന്നത്. ബുധനാഴ്ച വൈകിട്ട് വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പുറത്തുവന്ന മിക്ക സർവേകളിലും ഭരണകക്ഷിക്ക് അനുകൂല തരംഗമാണ് സംസ്ഥാനത്ത് ഉള്ളതെന്നാണ് പ്രവചിച്ചിരിക്കുന്നത്. അതിനെ പിന്തുണക്കുന്ന പ്രവചനം തന്നെയാണ് ഇന്ന് ആക്സിസും പുറത്തുവിട്ടത്. ഇരു മുന്നണിയിലുമില്ലാത്ത 12 പേർ വിജയിക്കുമെന്ന് പ്രവചിക്കുന്ന ആക്സിസ് മൈ ഇന്ത്യ, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിക്ക് ഒറ്റ സീറ്റും നേടാനാകില്ലെന്നും പറയുന്നു.
ഇന്ന് പുറത്തുവന്ന ടുഡേസ് ചാണക്യ സർവേയിലും ബി.ജെ.പി സഖ്യത്തിനാണ് മുൻതൂക്കം നൽകുന്നത്. മഹായുതിക്ക് 175ഉം മഹാവികാസ് അഘാഡിക്ക് 100 സീറ്റുമാണ് പ്രവചനം. മറ്റ് കക്ഷികൾക്ക് 13 സീറ്റ് ലഭിക്കുമെന്നും ടുഡേസ് ചാണക്യ പ്രവചിക്കുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി എം.വി.എ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്.
മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യത്തിന് വിജയം പ്രവചിച്ചാണ് ഭൂരിഭാഗം എക്സിറ്റ്പോളുകളുകളും കഴിഞ്ഞ ദിവസം പുറത്തുവന്നത്. ആക്സിസ് മൈ ഇന്ത്യ സർവേ മാത്രമാണ് ഝാർഖണ്ഡിൽ കോൺഗ്രസ് -ജെ.എം.എം സഖ്യത്തിന് വിജയം പ്രവചിച്ചത്. ആകെയുള്ള 81 സീറ്റിൽ 49-59 എണ്ണം സഖ്യം നേടുമെന്നാണ് പ്രവചനം. 17-27 സീറ്റ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യവും 01-06 സീറ്റ് മറ്റുള്ളവരും നേടുമെന്ന് സർവേ പറയുന്നു.
മാട്രിസ്, പീപ്ൾസ് പൾസ്, പി-മാർക്, പോൾ ഡയറി, ചാണക്യ സ്ട്രാറ്റജീസ് എന്നീ എക്സിറ്റ്പോൾ സർവേകൾ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വിജയം പ്രവചിക്കുമ്പോൾ എം.വി.എ സഖ്യവും മഹായുതി സഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ലോക് ഷാഹി രുദ്ര എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ലോക്പോൾ, ഇലക്ടറൽ എഡ്ജ് സർവേയിൽ മഹാരാഷ്ട്രയിൽ എം.വി.എക്കാണ് മുൻതൂക്കം. മാട്രിസ് എക്സിറ്റ് പോൾ മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 150 -170 സീറ്റും 48 ശതമാനം വോട്ടും നേടുമെന്ന് പ്രവചിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യം 110 -130 സീറ്റും 42 ശതമാനം വോട്ടും സർവേ പ്രവചിക്കുന്നു. മറ്റുള്ളവർ എട്ടുമുതൽ 10 വരെ സീറ്റും 10 ശതമാനം വോട്ടും നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.