'സീതയെ സംശയിച്ചവരല്ലേ'; ബി.ജെ.പി തോൽവിയിൽ അയോധ്യ നിവാസികളെ കുറ്റപ്പെടുത്തി രാമായാണം സീരിയൽ താരം
text_fieldsഅയോധ്യ: ഫൈസബാദ് മണ്ഡലത്തിലെ ബി.ജെ.പിയുടെ പരാജയത്തിൽ അയോധ്യ നിവാസികളെ കുറ്റപ്പെടുത്തി രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ ലക്ഷ്മണന്റെ വേഷം അഭിനയിച്ച സുനിൽ ലാഹ്റി. ബി.ജെ.പി സ്ഥാനാർഥിയെ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ നിന്നും ജനങ്ങൾ തെരഞ്ഞെടുക്കാത്തതിലാണ് അദ്ദേഹത്തിന് അതൃപ്തി. രാമക്ഷേത്രം യാഥാർഥ്യമാക്കുന്നതിൽ ബി.ജെ.പിയാണ് മുഖ്യപങ്കുവഹിച്ചതെന്ന് വിചാരിക്കുന്ന വരെ നിരാശരാക്കുന്നതാണ് മണ്ഡലത്തിലെ ഫലമെന്ന് സുനിൽ ലാഹ്റി പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലാണ് അദ്ദേഹത്തിന്റെ പരാമർശം. തന്റെ പ്രിയപ്പെട്ട സ്ഥാനാർഥികളായ കങ്കണ റാവത്തും അരുൺ ഗോവിലും വിജയിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വനവാസം കഴിഞ്ഞ് മടങ്ങിയെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോധ്യ പൗരന്മാരാണ് ഇവരെന്ന കാര്യം നമ്മള്‍ മറന്നുപോയി. ദൈവത്തെപ്പോലും നിഷേധിക്കുന്നവരെ എന്ത് വിളിക്കും? സ്വാർഥതയാണിത്. അയോധ്യയിലെ പൗരന്മാർ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.
സീതാദേവിയെപ്പോലും വെറുതെ വിടാത്തവരാണ് അയോധ്യനിവാസികൾ. ശ്രീരാമനെ ആ ചെറിയ കൂടാരത്തിൽ നിന്ന് പുറത്തുകൊണ്ടുവന്ന് മനോഹരമായ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച മനുഷ്യനെ നിങ്ങൾ ഒറ്റിക്കൊടുത്തതിൽ ഞെട്ടലില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമായണത്തില്‍ രാമനും സീതയുമായി അഭിനയിച്ച അരുൺ ഗോവിൽ, ദീപിക ചിക്കിലിയ എന്നിവർക്കൊപ്പം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സുനിൽ പങ്കെടുത്തിരുന്നു. അരുണ്‍ ഗോവില്‍ യു.പിയിലെ മീററ്റില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. സമാജ്‌വാദി പാർട്ടി സ്ഥാനാർഥി സുനിത വർമയ്‌ക്കെതിരെ 10,585 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് യു.പിയിൽ ബി.ജെ.പിക്കുണ്ടായത്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ലല്ലുസിങ് 54,000 വോട്ടുകൾക്കാണ് സമാജ്‍വാദി പാർട്ടി സ്ഥാനാർഥിയോട് തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.