അയോധ്യ കേസിൽ നീതി നടപ്പായില്ല –സി.പി.എം
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചെങ്കിലും, നീതി ലഭ്യമായില്ലെന്ന് സി.പി.എം. കോടതി വിധി ഗൗരവ പ്പെട്ട ചില വിഷയങ്ങൾ ഉയർത്തുന്നുണ്ടെന്ന് പോളിറ്റ് ബ്യൂറോ യോഗശേഷം തീരുമാനങ്ങ ൾ വിശദീകരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
വിശ്വാസത്തിന് മു ൻതൂക്കം നൽകുന്നതാണ് വിധി. ഹരജി സംഗതി പരിഗണിക്കുന്നതിൽനിന്നു വിട്ട്, ഹിന്ദുക്കളെ യും മുസ്ലിംകളെയും പരാമർശിച്ച് കേസ് വിപുലപ്പെടുത്തുകയാണ് വിധിയിലൂടെ ചെയ്തത്. പള്ളി പൊളിച്ചത് ഗുരുതര നിയമലംഘനമാണെന്ന് പറയുന്ന കോടതി, ആ കുറ്റകൃത്യത്തിന് ഉത്തരവാദികളായ ശക്തികൾക്ക് ഭൂമി കൈമാറുകയാണ് ചെയ്തത്.1949ൽ ബാബരി മസ്ജിദിൽ വിഗ്രഹം വെച്ചത് നിയമലംഘനമാണെന്ന് പറയുേമ്പാൾതന്നെ, നിയമലംഘകർക്കാണ് ഭൂമി വിട്ടുകൊടുക്കുന്നത്.
ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമിച്ചതെന്ന ഹിന്ദുത്വ ശക്തികളുടെ അവകാശവാദത്തിന് പുരാവസ്തു വകുപ്പ് തെളിവൊന്നും മുന്നോട്ടുവെക്കുന്നില്ലെന്ന് വിധി വ്യക്തമാക്കുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടിയപ്പോഴത്തെ സ്ഥിതി എന്താണോ, അതു നിലനിർത്തണമെന്നാണ് ആരാധനാലയങ്ങളുടെ കാര്യത്തിലുള്ള നിയമവ്യവസ്ഥ. ഭാവിയിൽ കാശിയിലോ മഥുരയിലോ തർക്കങ്ങൾ ഉണ്ടാകുന്നത് തടയുന്നതിൽ കോടതി പരാജയപ്പെട്ടു. വിഗ്രഹംവെച്ച കേസിലും പള്ളി പൊളിച്ചതിലൂം നീതി നടപ്പായിട്ടില്ല. കുറ്റക്കാരെ ശിക്ഷിച്ചിട്ടില്ല.
ശബരിമല കേസിൽ പുനഃപരിശോധന ഹരജിയിൽ തീർപ്പുകൽപിക്കുന്നതിനു പകരം കീഴ്വഴക്കം വിട്ട് വിവിധ വിഷയങ്ങൾ പരിഗണിക്കാൻ വിപുല ബെഞ്ചിന് വിടുകയാണ് ചെയ്തത്. മറ്റു ബെഞ്ചുകളിൽ കേട്ടുവരുന്ന വനിതാവകാശ വിഷയങ്ങളിലേക്കുകൂടി വിധി കടന്നു ചെന്നു. ശബരിമല കേസിൽ കഴിഞ്ഞ വർഷത്തെ ഉത്തരവ് ഉയർത്തിപ്പിടിക്കുന്നതിൽ ഭൂരിപക്ഷ വിധിന്യായം പരാജയപ്പെട്ടു. അനിശ്ചിതാവസ്ഥയും അവ്യക്തതയും സൃഷ്ടിച്ചു.
റഫാൽ കേസിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി വിലക്കില്ല. എന്നാൽ, സി.ബി.ഐയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കെ, റഫാൽ അഴിമതി സംയുക്ത പാർലമെൻറ് സമിതി (ജെ.പി.സി) അന്വേഷിക്കണം. ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കി സാധാരണ ജീവിതം മുന്നോട്ടുനയിക്കാൻ ജനങ്ങളെ അനുവദിക്കണം. കടുത്ത സാമ്പത്തികമാന്ദ്യത്തിെൻറ പിടിയിൽ തൊഴിൽ, കാർഷിക, വ്യവസായിക രംഗങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും പി.ബി കുറ്റപ്പെടുത്തി.
പൊതുമേഖലയുടെ വർധിച്ച സ്വകാര്യവത്കരണത്തിനെതിരെ ഡിസംബറിൽ ഒരു മാസം നീളുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജനുവരി എട്ടിന് കേന്ദ്ര ട്രേഡ് യൂനിയനുകൾ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.