അേയാധ്യ കേസ് :പള്ളി അനിവാര്യമല്ലെന്ന നിരീക്ഷണം പുനഃപരിശോധിക്കണമെന്ന് സംഘടനകൾ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി തർക്ക കേസിൽ വിചാരണ വൈകിക്കാൻ മുസ്ലിം സംഘങ്ങൾ ശ്രമിക്കുന്നതായി സുപ്രീംകോടതിയിൽ ഉത്തർപ്രദേശ് സർക്കാർ. 1994ലെ വിധിയിലെ പള്ളി ഇസ്ലാം മത വിശ്വാസികളുടെ പ്രാർഥനക്ക് അവിഭാജ്യ ഘടകമല്ലെന്ന നിരീക്ഷണം പുനഃപരിശോധിക്കണമെന്ന ആവശ്യം കേസ് വൈകിക്കാനാണെന്നാണ് യു.പി സർക്കാർ ആരോപണം.
ഇസ്മഇൗൽ ഫാറൂഖി കേസിെൻറ ’94 വിധിയിലെ പ്രാർഥനക്ക് പള്ളി അവിഭാജ്യഘടകമല്ല എന്നതടക്കമുള്ള ചില കണ്ടെത്തലുകളെ കേസിലെ മരിച്ച അന്യായക്കാരൻ എം. സിദ്ദീഖിെൻറ നിയമപരമായ പിന്തുടർച്ചക്കാരൻ എതിർത്തപ്പോഴായിരുന്നു യു.പി സർക്കാറിെൻറ ആക്ഷേപം. പരമോന്നത കോടതിയുടെ വിവേചനരഹിതമായ ഈ നിരീക്ഷണം അഞ്ചംഗ ബെഞ്ച് പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ അശോക് ഭൂഷണും എസ്.എ നസീറും അംഗമായ പ്രത്യേക ബെഞ്ചിനോട് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് ഭൂമി തർക്ക കേസിൽ ഇതിന് പ്രാധാന്യമുണ്ടെന്നും അവർ വാദിച്ചു.
ഭൂമി തർക്കത്തിൽ നൂറ്റാണ്ടോളമായി അന്തിമ തീർപ്പ് കാത്തിരിക്കുകയാണെന്ന് പറഞ്ഞ യു.പി സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ’94ന് ശേഷം ഏതെങ്കിലും അന്യായക്കാരനോ ഹൈകോടതി വിധിക്കുശേഷം 2010ൽ സമർപ്പിച്ച നിലവിലെ അപ്പീലുകളിലോ ഈ വാദം ഉയർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ പള്ളികൾ വിശ്വാസത്തിെൻറ അവിഭാജ്യ ഘടകമാണെന്നാണ് ഇസ്ലാം പറയുന്നതെന്ന് സിദ്ദീഖിയുടെ പിന്തുടർച്ചക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ കോടതിയോട് പറഞ്ഞു. എന്നാൽ, സുപ്രീംകോടതി പറയുന്നത് പള്ളികൾ അവിഭാജ്യ ഘടകമല്ലെന്നാണ്. 2.77 ഏക്കർ തർക്ക ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാരക്കും രാം ലല്ലക്കും തുല്യമായി വിഭജിച്ച് നൽകിയ വിധി പഞ്ചായത്ത് തീരുമാനമെന്നാണ് ധവാൻ കോടതിയിൽ വിശേഷിപ്പിച്ചത്. 94ലെ വിധിയിലെ പരമോന്നത കോടതിയുടെ പരാമർശം വിശാല ബെഞ്ച് പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് തുടർന്ന് ബെഞ്ച് അറിയിച്ചു. ജൂലൈ 13ന് മുസ്ലിം സംഘടനകളുടെ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.