അയോധ്യ അന്തിമവിധിക്കൊരുങ്ങി
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസിൽ അന്തിമ വിധിക്കൊരുങ്ങി അയോധ്യ. ഇതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലിലധികം പേർ സംഘം ചേരുന്നതിനുള്ള നിരോധനം ഡിസംബർ പത്തു വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിരോധനാജ്ഞയെ തുടർന്ന് ദീപാവലിക്ക് അയോധ്യയിൽ ദീപം തെളിയിക്കാൻ വിശ്വഹിന്ദു പരിഷത്തിന് അധികൃതർ അനുമതി നിഷേധിച്ചു. അതിനിടെ ബാബരി ഭൂമി കേസിെൻറ അന്തിമവാദം വീണ്ടും ഒരുദിവസം നേരത്തേയാക്കി ബുധനാഴ്ച തീർക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിർദേശിച്ചു.
ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർപേഴ്സന് സംരക്ഷണമാവശ്യപ്പെട്ട് ബാബരി ഭൂമികേസിലെ മധ്യസ്ഥന്മാരിലൊരാൾ സുപ്രീംകോടതിയെ സമീപിച്ചു. മൂന്നംഗ സമിതിയിലുണ്ടായിരുന്ന മധ്യസ്ഥനും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ശ്രീരാം പഞ്ചുവാണ് ബി.ജെ.പി പിന്തുണയുള്ള വഖഫ് ബോർഡ് ചെയർപേഴ്സന് സംരക്ഷണം തേടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചിലെത്തിയത്. ഇതേത്തുടർന്ന് മതിയായ സംരക്ഷണം നൽകാൻ ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘം രണ്ടാമത് നടത്തിയ മധ്യസ്ഥശ്രമത്തെ സുന്നി വഖഫ് ബോർഡ് എതിർത്തിട്ടും അത് മറികടന്ന് മുസ്ലിം പക്ഷത്തുനിന്ന് ശ്രമം നടത്തിയത് വഖഫ് ബോർഡ് ചെയർപേഴ്സൻ ആണെന്ന് ആരോപണമുയർന്നിരുന്നു.
വരാനിരിക്കുന്ന ഉത്സവങ്ങൾ കൂടി പരിഗണിച്ചാണ് നിരോധനാജ്ഞയെന്ന് ജില്ല മജിസ്ട്രേറ്റ് അരുൺ കുമാർ ഝാ വ്യക്തമാക്കി. അയോധ്യയുടെയും സന്ദർശകരുടെയും സുരക്ഷയാണ് സർക്കാറിെൻറ ആശങ്കയെന്നും അതുകൂടി മാനിച്ചാണ് തീരുമാനമെന്നും അദ്ദേഹം തുടർന്നു.
നിയമവിരുദ്ധമായി സംഘം ചേരുന്നതിനും അഹിതകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതിനും വിലക്ക് ഏർപ്പെടുത്തി ആഗസ്റ്റ് 31ന് ഒരു ഉത്തരവ് ഇറക്കിയിരുന്നു. അയോധ്യ ദീപാവലിക്ക് ദീപാലംകൃതമാക്കാൻ ഒരുങ്ങിയ വിശ്വഹിന്ദു പരിഷത്ത് നിരോധനാജ്ഞയിൽ അതൃപ്തി പ്രകടിപ്പിച്ചു. ബാബരി ഭൂമിയിലുള്ള രാം ലല്ലക്കു ചുറ്റും ദീപാലങ്കാരത്തിനായി ജില്ല മജിസ്ട്രേറ്റിെൻറ അനുമതി തേടുമെന്ന് വി.എച്ച്.പി വ്യക്തമാക്കിയിട്ടുണ്ട്.
ബാബരി ഭൂമി കേസിെൻറ അന്തിമവാദം വെള്ളിയാഴ്ച തീർക്കാനിരുന്നത് നേരത്തേ വ്യാഴാഴ്ചയിലേക്ക് മാറ്റിയ ചീഫ് ജസ്റ്റിസ് വീണ്ടുമൊരു ദിവസംകൂടി നേരേത്തയാക്കി ബുധനാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച സുന്നി വഖഫ് ബോർഡിെൻറ രാജീവ് ധവാൻ നടത്തിയ വാദത്തിന് ഹിന്ദുപക്ഷം മറുവാദം നടത്തുന്നതോടെ അന്തിമവാദം അവസാനിക്കും.
നവംബർ 17ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അതിന് മുമ്പായി വിധി പറയണമെന്ന വാശിയിൽ പ്രത്യേക താൽപര്യം എടുത്താണ് യുദ്ധകാലാടിസ്ഥാനത്തിൽ അന്തിമവാദം തീർക്കുന്നത്. ചീഫ് ജസ്റ്റിസിെൻറ അവസാന പ്രവൃത്തിദിനമായ നവംബർ 15ന് മുമ്പ് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ വിധി പുറപ്പെടുവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.