ഭരണനേട്ടമായി പ്രാണപ്രതിഷ്ഠ: മണിപ്പൂരിനെക്കുറിച്ച് മൗനമെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠ മോദിസർക്കാറിന്റെ ഭരണനേട്ടങ്ങളിലൊന്നായി രാഷ്ട്രപതിയുടെ പാർലമെന്റ് പ്രസംഗത്തിൽ ഇടംപിടിച്ചു. ഭരണപക്ഷം വലിയ കരഘോഷത്തോടെയും ഡസ്കിലടിച്ചും ജയ്ശ്രീറാം വിളികളുമായാണ് അത് സ്വീകരിച്ചത്. പ്രതിപക്ഷ അംഗങ്ങൾ മൗനം പാലിച്ചു.
നൂറ്റാണ്ടുകളുടെ അഭിലാഷമായ രാമക്ഷേത്ര നിർമാണം യാഥാർഥ്യമായിരിക്കുന്നുവെന്ന് രാഷ്ട്രപതി വായിച്ചു. നൂറ്റാണ്ടുകളുടെ ഭാവി നിർണയിക്കുന്ന ചില നാഴികക്കല്ലുകൾ സാംസ്കാരിക ചരിത്രത്തിലുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലും അത്തരം നിരവധി നാഴികക്കല്ലുകളുണ്ട്. ജനുവരി 22ന് അത്തരത്തിലൊന്നിന് രാജ്യം സാക്ഷ്യം വഹിച്ചു. നീണ്ട കാത്തിരിപ്പിനു ശേഷം രാംലല്ല ഇന്ന് അയോധ്യയിലെ വിശാലമായ ക്ഷേത്രത്തിൽ വസിക്കുന്നു. പ്രാണപ്രതിഷ്ഠക്കു ശേഷമുള്ള അഞ്ചു ദിവസങ്ങളിൽ 13 ലക്ഷം വിശ്വാസികളാണ് അയോധ്യയിൽ ദർശനം നടത്തിയത്.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന ഭരണഘടനയുടെ 370ാം വകുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പഴങ്കഥയായെന്നും രാഷ്ട്രപതി പറഞ്ഞു. ജമ്മു-കശ്മീരിൽ ഇപ്പോൾ സമാധാനത്തിന്റെയും സുരക്ഷയുടെയും അന്തരീക്ഷമുണ്ട്. അടച്ചിട്ടതിന്റെ നിശ്ശബ്ദതയാണ് മുൻകാലങ്ങളിൽ ഉണ്ടായയെങ്കിൽ ഇന്ന് കമ്പോളങ്ങൾ സക്രിയം. വടക്കു കിഴക്കൻ മേഖലയിൽ ഒളിപ്പോര് കുറഞ്ഞുവെന്നും രാഷ്ട്രപതി പറഞ്ഞു. അന്നേരം മണിപ്പൂർ, മണിപ്പൂർ എന്ന് പ്രതിപക്ഷനിരയിൽനിന്ന് ഏതാനും അംഗങ്ങൾ വിളിച്ചു പറഞ്ഞു.
ജി.എസ്.ടി, മുത്തലാഖ്, വനിത സംവരണ ബിൽ തുടങ്ങി മോദി സർക്കാറിന്റെ 10 വർഷക്കാലത്തെ വിവിധ പരിഷ്കാരങ്ങൾ ഓരോന്നും എടുത്തു പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. 10 വർഷത്തിനിടയിൽ 25 കോടി പേർ ദാരിദ്ര്യം മറികടന്നു. മെച്ചപ്പെട്ടതും സുതാര്യവുമായ ഭരണക്രമം കൊണ്ടുവന്നു. നാണ്യപ്പെരുപ്പം ഇരട്ട അക്കത്തിൽനിന്ന് നാലു ശതമാനത്തിനു താഴെയായി. 10 വർഷത്തിനിടയിൽ 21 കോടിയിലേറെ വാഹനങ്ങളാണ് വിൽപന നടത്തിയത്. 2014 വരെയുള്ള 10 വർഷത്തിനിടയിൽ ഇത് 13 കോടി മാത്രമായിരുന്നു. ഗോതമ്പ്, നെൽകർഷകർക്ക് മിനിമം താങ്ങുവിലയായി 10 വർഷത്തിനിടയിൽ നൽകിയത് 18 ലക്ഷം കോടി രൂപയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞു. 16 പുതിയ എയിംസും 315 മെഡിക്കൽ കോളജുകളും 157 നഴ്സിങ് കോളജുകളും സ്ഥാപിച്ചു. ജൻധൻ അക്കൗണ്ടും ആധാറും മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചത് പൊതുപ്പണം അനർഹരിലേക്ക് പോകുന്നത് തടഞ്ഞു. എല്ലാവരെയും ഉൾച്ചേർക്കാനും അവസരസമത്വം നൽകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.