ശ്രദ്ധാകേന്ദ്രമായി വീണ്ടും അയോധ്യ; കടുത്ത സമരമുറകളുമായി ഹിന്ദുത്വ സംഘടനകൾ
text_fieldsലഖ്നോ: തെരഞ്ഞെടുപ്പ് അടുക്കുംതോറും സജീവത കൂടുന്ന രാമക്ഷേത്ര മുദ്രാവാക്യത്തിെൻറ കേന്ദ്രസ്ഥാനമായ അയോധ്യ, ബാബരി മസ്ജിദ് തകർത്തതിെൻറ 26ാം വാർഷികത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. രാമക്ഷേത്ര നിർമാണത്തിനായി മുറവിളി ശക്തമാക്കിയ ഹിന്ദുത്വ സംഘടനകൾ ഡിസംബർ ആറുമുതൽ വിവിധ പരിപാടികളുമായി തീവ്രത നിലനിർത്താൻ ആഞ്ഞുശ്രമിക്കുന്ന കാഴ്ചയാണ് അയോധ്യ നഗരത്തിലും പരിസരങ്ങളിലുമിപ്പോൾ.
രാമക്ഷേത്ര നിർമാണത്തിന് പിന്തുണതേടി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച ‘ധർമസഭ’ക്കു പിന്നാലെ, ഡിസംബർ ആറിന് ‘ശൗര്യദിവസ്’ ആചരിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനുപിന്നാലെ 18ന് ഗീതാജയന്തിയും ആചരിക്കും. ഹൈന്ദവ പുണ്യഗ്രന്ഥമായ ഭഗവദ്ഗീതയുമായി ബന്ധപ്പെടുത്തിയാണ് ഗീതാജയന്തി. ബാബരി പള്ളി തകർത്തതിെൻറ ആവേശം പ്രകടിപ്പിക്കാൻ തീവ്ര ഹിന്ദുത്വ സംഘടനകൾ എല്ലാ ഡിസംബർ ആറിനും ‘ശൗര്യദിവസ്’ ആചരിക്കാറുണ്ട്.
അയോധ്യയിൽ ക്ഷേത്രം നിർമിക്കാനുള്ള തടസ്സം നീങ്ങാനായി പ്രത്യേക ഹോമം അടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്തതായി വി.എച്ച്.പി വക്താവ് ശരത് ശർമ പറഞ്ഞു. ‘‘രാഷ്ട്രീയക്കാർ അടക്കമുള്ളവർക്ക് ക്ഷേത്രനിർമാണത്തിൽ തടസ്സം വരാതിരിക്കാനും അവർക്ക് സരസ്വതിയുടെ അനുഗ്രഹം കിട്ടാനും പ്രത്യേക പ്രാർഥന സംഘടിപ്പിക്കും’’ -ശർമ കൂട്ടിച്ചേർത്തു.
ഡിസംബർ ഒമ്പതിന് ഡൽഹിയിലും ധർമസഭ സംഘടിപ്പിക്കും. ജനുവരി 31, 1 തീയതികളിലായി പ്രയാഗ്രാജിൽ സംഘടിപ്പിക്കുന്ന ‘ധർമസൻസദി’െൻറ ലക്ഷ്യം രാമേക്ഷത്രം, പശുസംരക്ഷണം, ഗംഗാസംരക്ഷണം എന്നിവയാണെന്ന് ശർമ പറഞ്ഞു. മേഖലയിലെ 500 ആശ്രമങ്ങളിൽ ആറിന് ദീപം തെളിയിച്ച് ആഘോഷിക്കും.
ഇതിനിടെ, അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഒാർഡിനൻസ് അധികം വൈകില്ലെന്ന് തന്നോട് ഒരു കേന്ദ്ര മന്ത്രി പറഞ്ഞതായി റാം ഭദ്രാചാര്യ എന്ന സന്യാസി അവകാശപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മുറക്ക് പ്രധാനമന്ത്രി മോദി തന്നെ ഇതിന് മുൻകൈയെടുക്കുമെന്നാണ് മന്ത്രി പറഞ്ഞതെന്നും ഭദ്രാചാര്യ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.