രാമ ക്ഷേത്ര ഭൂമി അഴിമതി സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം -പ്രിയങ്ക ഗാന്ധി
text_fieldsലഖ്നോ: അയോധ്യ രാമ ക്ഷേത്ര ട്രസ്റ്റ് ഭൂമി ഇടപാടിലെ അഴിമതി ആരോപണം സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സുപ്രീംകോടതി നിർദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപവത്കരിച്ച ശ്രീരാം ജന്മഭൂമി തീർത്ഥ് േക്ഷത്ര ട്രസ്റ്റാണ് ക്ഷേത്രനിർമാണത്തിന് നേതൃത്വം കൊടുക്കുന്നത്. പ്രധാനമന്ത്രിയുടെ അടുപ്പക്കാരാണ് ട്രസ്റ്റിലുള്ളത്. ഈ സാഹചര്യത്തിൽ കോടികളുടെ അഴിമതി സംബന്ധിച്ച അന്വേഷണത്തിന് കോടതി മേൽനോട്ട വഹിക്കണം -പ്രിയങ്ക ആവശ്യപ്പെട്ടു.
വിശ്വാസത്തെ മുതലെടുത്ത് നടത്തിയ തട്ടിപ്പ് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തിനെതിരായ ആക്രമണവും വൻ പാപവുമാണെന്നും അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. രാമന്‍റെ നാമത്തിൽ ഭക്തർ അർപ്പിക്കുന്ന ഓരോ ചില്ലിത്തുട്ടും വിശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അല്ലാതെ അഴിമതി നടത്തുകയല്ല വേണ്ടത്.
ട്രസ്റ്റ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ, തങ്ങൾ വാങ്ങിയ ഭൂമിക്ക് മൂല്യ വർധന ഉണ്ടായെന്നാണ് പറയുന്നത്. രണ്ട് കോടി രൂപക്ക് രണ്ടുപേർ വാങ്ങിയ സ്ഥലം പ്രധാനമന്ത്രി രൂപവത്കരിച്ച ട്രസ്റ്റ് വെറും അഞ്ച് മിനിറ്റിനുശേഷം 18.5 കോടി രൂപയ്ക്കാണ് വാങ്ങിയത്. അതായത്, അതായത് ഭൂമിയുടെ വില സെക്കൻറിൽ 5.5 ലക്ഷം രൂപ എന്ന തോതിൽ വർധിച്ചു!. ഇത് അവിശ്വസനീയമാണ് -പ്രിയങ്ക പറഞ്ഞു.
ആർക്കെങ്കിലും ഇത് വിശ്വസിക്കാൻ കഴിയുമോ?. ഈ പണം മുഴുവൻ ഇന്ത്യയിലെ ജനങ്ങൾ ക്ഷേത്ര നിർമ്മാണത്തിനായി നൽകിയ സംഭാവനകളും വഴിപാടുകളുമാണെന്ന് മറക്കരുത്. രണ്ടുകോടിയുടെ ഇടപാടിലും 18.5 കോടിയുടെ ഇടപാടിലും ഒരേ സാക്ഷികളാണുള്ളത്. ഒരു സാക്ഷി മുതിർന്ന മുൻ ആർ.എസ്.എസ് നേതാവും ക്ഷേത്ര ട്രസ്റ്റിയുമാണ്. മറ്റൊരാളാവട്ടെ ബി.ജെ.പി നേതാവും അയോധ്യ മേയറുമാണ്. 2021 മാർച്ച് 18 ന് വാങ്ങിയ ഈ സ്ഥലം ക്ഷേത്രപരിസരത്ത് നിന്ന് അകലെയാണെന്നതും ശ്രേദ്ധയമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച് ഉത്തർ പ്രദേശിലെ പ്രതിപക്ഷ പാർട്ടികളാണ് കഴിഞ്ഞദിവസം രംഗത്ത് വന്നത്. മാർച്ച് 18ന് ഒരു വ്യക്തിയിൽനിന്ന് 1.208 ഹെക്ടർ ഭൂമി രണ്ടു കോടി രൂപക്ക് വാങ്ങിയ സ്ഥലം രണ്ട് റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ മിനിറ്റുകൾ കഴിഞ്ഞ് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് 18.5 കോടിക്ക് വിൽപന നടത്തിയതാണ് പുറത്തായത്.
രണ്ട് ഇടപാടുകൾക്കിടയിൽ 10 മിനിറ്റിൽ താഴെയാണ് സമയവ്യത്യാസം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേക ഇരട്ടികളായി വർധിച്ചതെന്ന് വിശദീകരിക്കണമെന്നായിരുന്നു മുൻ മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടത്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രണ്ട് ഇടപാടുകളിലും അയോധ്യ മേയർ ഋഷികേഷ് ഉപാധ്യായയും രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുമാണ് സാക്ഷികൾ. 2020 ഫെബ്രുവരിയിലാണ് മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിനായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര എന്ന പേരിൽ ട്രസ്റ്റ് രൂപവത്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.