രണ്ട് കോടിയുടെ ഭൂമിക്ക് മിനിറ്റുകൾക്കകം 18.5 കോടി- അയോധ്യ ഭൂമി അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകളുമായി പ്രിയങ്ക ഗാന്ധി
text_fieldsലഖ്നോ: അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്‍റെ ഭൂമിയിടപാട് സംബന്ധിച്ച അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ക്ഷേത്രത്തിന് സമീപത്തുള്ള രണ്ട് കോടി വിലവരുന്ന സ്ഥലത്തിന് അഞ്ച് മിനിറ്റിനകം 18.5 കോടി രൂപ വരെ വില ഉയർത്തിയതായി വസ്തുവിൽപന രേഖകൾ മാധ്യമങ്ങൾക്ക് മുമ്പിൽ നിരത്തി പ്രിയങ്ക ഗാന്ധി ആരോപിച്ചു.
രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വൻ ഭൂമി കുംഭകോണമാണ് നടക്കുന്നതെന്ന് നേരത്തേ കോൺഗ്രസ് ആരോപണമുയർത്തിയിരുന്നു. ബി.ജെ.പി നേതാക്കളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ബന്ധുക്കൾ ക്ഷേത്രത്തിന് സമീപത്തിന് അനധികൃത മാർഗങ്ങളിലൂടെ ഭൂമി വാങ്ങി എന്ന ആരോപങ്ങളിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാമക്ഷേത്രത്തിന് സമീപമുള്ള രണ്ട് കോടി രൂപ വിലമതിക്കുന്ന ഭൂമി രണ്ട് ഭാഗമാക്കി ഒരു ഭാഗം 8 കോടി രൂപക്കും രണ്ടാം ഭാഗം 18.5 കോടി രൂപക്കും 2020ൽ സ്ഥാപിച്ച രാമക്ഷേത്ര ട്രസ്റ്റുമായി ഇടപാട് നടത്തിയതായാണ് പ്രിയങ്ക ചൂണ്ടിക്കാട്ടിയത്. അതായത് രണ്ട് കോടി വിലയുള്ള ഭൂമി ട്രസ്റ്റ് വാങ്ങിയത് 26.5 കോടി രൂപക്കാണ്.
'2017ൽ ഒരു വ്യക്തി വാങ്ങിയ ഭൂമി അയാൾ രണ്ട് രണ്ട് ഭാഗങ്ങളാക്കി വിൽക്കുകയായിരുന്നു. ആദ്യ ഭാഗം 8 കോടി രൂപക്ക് നേരിട്ട് രാംമന്ദിർ ട്രസ്റ്റിന് വിറ്റു.19 മിനിറ്റിന് ശേഷം രണ്ടാം ഭാഗം രവി മോഹൻ തിവാരി എന്ന വ്യക്തിക്ക് രണ്ട് കോടി രൂപക്ക് വിറ്റു. അഞ്ച് മിനിറ്റിന് ശേഷം രവി മോഹൻ തിവാരി ഈ രണ്ട് കോടി രൂപയുടെ സ്ഥലം 18.5 കോടി രൂപക്ക് രാംമന്ദിർ ട്രസ്റ്റിന് വിറ്റു. അടിസ്ഥാനപരമായി രണ്ട് കോടി രൂപ വിലയുള്ള ഭൂമി ട്രസ്റ്റ് എട്ട് കോടി രൂപക്കും 18.5 കോടി രൂപക്കുമാണ് വാങ്ങിയത്' -പ്രിയങ്ക ഗാന്ധി പറഞ്ഞു.
'ഒരു വ്യക്തിക്ക് രണ്ട് കോടി രൂപക്ക് വിറ്റ ഭൂമി അഞ്ച് മിനിറ്റിനുള്ളിൽ 18.5 കോടി രൂപക്ക് വിൽക്കുന്നു. ഇത് അഴിമതി അല്ലെങ്കിൽ പിന്നെന്താണ്?'-പ്രിയങ്ക ചോദിച്ചു. ഈ ഭൂമി ഇടപാടുകളിലെ സാക്ഷികൾ ആർ.എസ്.എസിന്‍റെ മുതിർന്ന അംഗവും രാംമന്ദിർ കമ്മിറ്റിയിലെ അംഗവും പിന്നെ അയോധ്യയിലെ മേയറുമാണ്. ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ജില്ലാ പരിഷത്ത് ഉദ്യോഗസ്ഥനെ യു.പി സർക്കാർ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, രാമക്ഷേത്ര നിർമാണം സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ ആയതിനാൽ ഈ ആരോപണങ്ങളും സുപ്രീം കോടതിയുടെ പരിധിയിൽ വരണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ കോടിക്കണക്കിന് വില ഉയർന്നതിനാൽ, ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ ഭൂമി വില ഉയർന്ന സംഭവമാണിതെന്ന് കോൺഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പരിഹസിച്ചു.
അതേസമയം, രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിലെ അഴിമതിക്കെതിരെ സമാജ്വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് ഈ വർഷം ജൂണിൽ സമാജ്വാദി പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ ഭാരവാഹികൾ പറയുന്നത്. സ്ഥലം ഉടമകളുമായി വില സംബന്ധിച്ച് വർഷങ്ങൾക്ക് മുമ്പേ തന്നെ ധാരണയായെന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവും രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത്ത് റായ് പറയുന്നത്. വാങ്ങുന്ന സമയത്ത് എത്ര വിലയാണോ അത് നൽകാമെന്നായിരുന്നു ധാരണയെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.