ചെന്നൈയിലെ അയോധ്യ മണ്ഡപം ദേവസ്വം വകുപ്പ് ഏറ്റെടുത്തു; പ്രതിഷേധവുമായി ബി.ജെ.പി
text_fieldsചെന്നൈ: നഗരത്തിലെ വെസ്റ്റ് മാമ്പലത്ത് സ്ഥിതി ചെയ്യുന്ന അയോധ്യ മണ്ഡപം ദേവസ്വം വകുപ്പ് ഏറ്റെടുത്തു. മണ്ഡപത്തിന്‍റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ശ്രീരാമസമാജം സമർപിച്ചിരുന്ന ഹരജി മദ്രാസ് ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയതോടെയാണ് ദേവസ്വം വകുപ്പ് നടപടി സ്വീകരിച്ചത്.
അയോധ്യ മണ്ഡപം ക്ഷേത്രമല്ലെന്നും ഭജനമഠം മാത്രമാണെന്നും ഇവിടെ വിഗ്രഹം സ്ഥാപിച്ചിട്ടില്ലെന്നും ശ്രീരാമൻ, സീത, ഹനുമാൻ തുടങ്ങിയ ഛായാചിത്രങ്ങൾ മാത്രമാണുണ്ടായിരുന്നതെന്നും ശ്രീരാമസമാജം ഹരജിയിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് ഒരു പൊതു ക്ഷേത്രമാണെന്നും ഹുണ്ടിക സ്ഥാപിച്ചിരുന്നതായും പൊതുജനങ്ങൾ വഴിപാടുകൾ നടത്തിയിരുന്നതായുമാണ് ദേവസ്വം വകുപ്പിന്‍റെ നിലപാട്.
ബി.ജെ.പി-സംഘ് പരിവാർ പ്രവർത്തകർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അധികൃതർ പൊലീസിന്‍റെ സഹായത്തോടെ ക്ഷേത്രത്തിന്‍റെ പൂട്ട് തകർത്ത് അകത്തേക്ക് കടക്കുകയായിരുന്നു. ബി.ജെ.പി നേതാവ് കെ.ആർ. നാഗരാജൻ ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനെതിരെ സമാജം ഭാരവാഹികളും ബി.ജെ.പി നേതാക്കളും മദ്രാസ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചെങ്കിലും സ്റ്റേ നൽകാൻ വിസമ്മതിച്ചു. കേസ് പരിഗണിക്കുന്നത് ഏപ്രിൽ 21ലേക്ക് മാറ്റി.
ക്ഷേത്രമല്ലാത്തതിനാൽ അയോധ്യ മണ്ഡപം ഏറ്റെടുക്കാൻ സംസ്ഥാനത്തിന് അവകാശമില്ലെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. ബുധനാഴ്ച ബി.ജെ.പി അംഗങ്ങൾ വിഷയം നിയമസഭയിൽ അവതരിപ്പിച്ചു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അയോധ്യ മണ്ഡപ പ്രശ്നം രാഷ്ട്രീയവത്കരിച്ച് പാർട്ടിയെ വളർത്താനുള്ള ബി.ജെ.പി ശ്രമം വിജയിക്കില്ലെന്ന് അറിയിച്ചു.
കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില നിയന്ത്രിക്കാനും സംസ്ഥാനത്തിന് അനുവദിക്കേണ്ട ഫണ്ട് ലഭ്യമാക്കുന്നതിനും കേന്ദ്രത്തിൽ സമ്മർദം ചെലുത്താനാണ് ബി.ജെ.പി അംഗങ്ങൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.