അയോധ്യയിലെ മസ്ജിദിന്റെ നിർമാണം മേയിൽ തുടങ്ങും; പണിയുന്നത് അയോധ്യയിൽനിന്ന് 25 കിലോമീറ്റർ അകലെ ധാന്നിപൂരിൽ
text_fieldsലഖ്നോ: അയോധ്യയിൽ പണിയുന്ന നിർദിഷ്ട മസ്ജിദിന്റെ നിർമാണം 2024 മേയിൽ തുടങ്ങിയേക്കും. സംഘ്പരിവാർ തകർത്ത ബാബരി മസ്ജിദിന്റെ ഭൂമി രാമക്ഷേത്രനിർമാണത്തിന് വിട്ടുകൊടുത്ത വിധിന്യായത്തിൽ സുപ്രീം കോടതി നിർദേശമനുസരിച്ചത് നൽകിയ അഞ്ചേക്കർ ഭൂമിയിലാണ് പള്ളി പണിയുന്നത്. അയോധ്യയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ധാന്നിപൂർ വില്ലേജിൽ നിർമിക്കുന്ന പള്ളിയുടെ നിർമാണ ചുമതലയുള്ള ഇൻഡോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.ഐ.സി.എഫ്) ചീഫ് ട്രസ്റ്റിയായ സഫർ അഹ്മദ് ഫാറൂഖ് ആണ് മസ്ജിദിന്റെ നിർമാണം മേയിൽ തുടങ്ങുമെന്ന് അറിയിച്ചത്. രാമക്ഷേത്ര നിർമാണത്തിന് ഫണ്ട് സ്വരൂപിച്ച അതേ മാതൃകയിൽ പൊതുജനങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിച്ചാവും പള്ളിയുടെയും നിർമാണം.
‘ഐ.ഐ.സി.എഫ് വെബ്സൈറ്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ അത് പൂർത്തിയാകും. ലോഞ്ച് ചെയ്യുന്നതിനു പിന്നാലെ പള്ളിനിർമാണത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള പ്ലാറ്റ്ഫോമായി വെബ്സൈറ്റ് മാറും. ക്യൂ.ആർ കോഡ് ഉൾപെടെയുള്ളവ വഴി സൗകര്യപ്രദമായ മാർഗങ്ങളിലൂടെയാകും ഫണ്ട് സ്വരൂപിക്കുക’ -ഫാറൂഖ് വ്യക്തമാക്കി.
‘പുതിയ പദ്ധതികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് പള്ളിയുടെ നിർമാണം വൈകുന്നത്. പള്ളിയോടനുബന്ധിച്ചുള്ള ആശുപത്രി, കമ്യൂണിറ്റി കിച്ചൺ, ലൈബ്രറി തുടങ്ങിയവയുടെ നിർമാണത്തിൽ കൂടുതൽ വിശദമായ തയാറെടുപ്പുകൾ ആവശ്യമാണ്. അയോധ്യ ഡെവലപ്മെന്റ് അതോറിറ്റിക്ക് ഫെബ്രുവരിയിൽ ഡിസൈനുകൾ സമർപ്പിക്കും.
അതിനുശേഷം, മസ്ജിദ് നിർമാണത്തിന്റെ അടുത്ത ഘട്ടമാകും. ഫണ്ട് സ്വരൂപിച്ചശേഷമാകും പള്ളിയുടെ തറക്കല്ലിടൽ നടക്കുക. 40000 ചതുരശ്ര അടിയിലാകും പള്ളിയുടെ നിർമാണം. നേരത്തേ 15000 ചതുരശ്ര അടിയായിരുന്നു ഉദ്ദേശിച്ചിരുന്നത്. പരമ്പരാഗത ഇന്ത്യൻ മസ്ജിദുകളുടെ മാതൃകയിൽനിന്ന് പ്രചോദനമുൾക്കൊണ്ടുള്ള മാതൃകകളായിരുന്നു തുടക്കത്തിൽ പരിഗണനയിൽ. എന്നാൽ, പിന്നീടതുമാറ്റി നവീന രീതിയിലുള്ള രൂപകൽപനയിലാകും പള്ളിയുടെ നിർമാണം’ -ഫാറൂഖ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബറിൽ രൂപവത്കൃതമായ മോസ്ക് ഡെവപല്മെന്റ് കമ്മിറ്റിയുടെ അധ്യക്ഷനായി ഹാജി അറഫാത്ത് ഷെയ്ഖിനെ തെരഞ്ഞെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവാണ് അറഫാത്ത് ഷെയ്ഖ്. പള്ളിക്ക് മസ്ജിദേ അയോധ്യ എന്ന് പേരിടാനുള്ള നിർദേശം ഷെയ്ഖ് എതിർക്കുകയായിരുന്നു. മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്നാണ് പള്ളിയുടെ പേരു മാറ്റിയിട്ടുള്ളത്.
ഐ.ഐ.സി.എഫിലെ ചില മെമ്പർമാർ ഒറിജിനൽ ഡിസൈനിൽനിന്ന് മാറ്റംവേണമെന്ന ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് രൂപരേഖയിൽ മാറ്റങ്ങൾ വരുത്തുന്നത് പരിഗണിച്ചതും മസ്ജിദിന്റെ ആർക്കിടെക്ചറൽ പ്ലാനിൽ അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയതും. ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെ പ്രതീകമാവണം അയോധ്യയിലെ പള്ളിയെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഐ.ഐ.സി.എഫ് വക്താവ് അത്താർ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.