അയോധ്യയിലെ മസ്ജിദ് നിർമാണം റമദാൻ മാസത്തിന് ശേഷം ആരംഭിക്കും
text_fieldsബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികൾ പൊളിച്ചതിനെ തുടർന്ന് സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ നിർമിക്കുന്ന പുതിയ മസ്ജിദിന്റെ നിർമാണ പ്രവർത്തനങ്ങൾ റമദാൻ വ്രതത്തിന് ശേഷം ആരംഭിക്കുമെന്ന് സൂചന. അയോധ്യയിലെ ധന്നിപ്പൂരിൽ അനുവദിച്ച അഞ്ചേക്കർ സ്ഥലത്താണ് പള്ളി പണിയുന്നത്. പള്ളി നിർമാണത്തിന് കഴിഞ്ഞ ദിവസം അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി അന്തിമാനുമതി നൽകിയിരുന്നു.
“അയോധ്യയിലെ മോസ്‌ക് കം കോംപ്ലക്‌സ് പ്രോജക്‌റ്റിന് തീർപ്പുകൽപ്പിക്കാത്ത എല്ലാ ക്ലിയറൻസുകളും അടുത്തിടെ നടന്ന ബോർഡ് മീറ്റിംഗിൽ അംഗീകരിച്ചു. ഏതാനും നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പള്ളിയുടെ അനുവദിച്ച രൂപരേഖ സുന്നി സെൻട്രൽ വഖഫ് ബോർഡിന് കൈമാറും’’ -ജില്ലാ മജിസ്‌ട്രേറ്റും അയോധ്യയിലെ എ.ഡി.എ ചെയർമാനുമായ നിതീഷ് കുമാർ പറഞ്ഞു. റമദാന് ശേഷം തങ്ങൾ യോഗം ചേർന്ന് മസ്ജിദ് നിർമാണം സംബന്ധിച്ച് അന്തിമരൂപം നൽകുമെന്ന് ഇന്തോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി അതർ ഹുസൈൻ പറഞ്ഞു. മസ്ജിദ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള അവസാന തീയതിയും തങ്ങൾ ആ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. റമദാൻ മാർച്ച് 22ന് ആരംഭിച്ച് ഏപ്രിൽ 21ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.