അയോധ്യയിലെ രാമക്ഷേത്രത്തിൽ ചോർച്ചയെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്
text_fieldsലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന് ക്ഷേത്രം മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. അഞ്ച് മാസം മുൻപ് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ഇത്ര വേഗം ചോർച്ചയുണ്ടായത് ആശ്ചര്യപ്പെടുത്തിയെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. അയോധ്യയിലും പരിസരങ്ങളിലും കനത്ത മഴയാണ് ഇന്നുണ്ടായത്.
'ജനുവരി 22നാണ് ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നത്. എത്രയോ എൻജിനീയർമാർ ഇവിടെയുണ്ടായിരുന്നു. എന്നിട്ടും ചോരുന്നുവെന്നത് ആശ്ചര്യമാണ്. മേൽക്കൂരയിൽ നിന്നും വെള്ളം ചോർന്നൊലിക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല' -ആചാര്യ സത്യേന്ദ്ര ദാസ് വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
'ആദ്യ മഴയിൽ തന്നെ രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്‍റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങി. ഈ വെള്ളം ഒഴുകിപ്പോകാനുള്ള ഒരു സൗകര്യവുമില്ല. വിഷയത്തിൽ അതീവ ശ്രദ്ധചെലുത്തണം. കനത്ത മഴ പെയ്താൽ മേൽക്കൂരക്ക് താഴെ പ്രാർഥന നടത്തുന്നത് ബുദ്ധിമുട്ടാകും' -അദ്ദേഹം പറഞ്ഞു.
അതേസമയം, ക്ഷേത്ര നിർമാണത്തിലോ ഡിസൈനിലോ അപാകതയില്ലെന്ന് ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഒന്നാംനിലയിൽ നിന്ന് മഴവെള്ളം ഇറ്റുവീഴുന്നത് ശ്രദ്ധയിൽപെട്ടു. ഗുരുമണ്ഡപം ആകാശത്തേക്ക് തുറന്നിട്ട രീതിയിൽ നിർമിച്ചതിനാൽ ഇത് പ്രതീക്ഷിച്ചതായിരുന്നു. ശിഖരത്തിന്‍റെ നിർമാണം പൂർത്തിയാകുന്നതോടെ ഇത് മൂടും. ശ്രീകോവിലിൽ വെള്ളം ഒഴുകാനുള്ള പ്രത്യേക സംവിധാനം ഇല്ല. എല്ലാ മണ്ഡപങ്ങളും വെള്ളം ഒഴുകിപ്പോകാനുള്ള ചരിവിലാണ് നിർമിച്ചത്. തുറന്നിട്ട മണ്ഡപങ്ങളിൽ മഴത്തുള്ളികൾ വീഴുമെന്ന കാര്യം നേരത്തെ തന്നെ ചർച്ചയായിരുന്നു. എന്നാൽ, വാസ്തുശിൽപ രീതികൾ പ്രകാരം ഇവ തുറന്നിടാൻ തന്നെ തീരുമാനിക്കുകയായിരുന്നു -നൃപേന്ദ്ര മിശ്ര പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.