അയോധ്യയിൽ രാമക്ഷേത്രം: നിർമാണ ഒരുക്കം വീണ്ടും തകൃതി
text_fieldsഅയോധ്യ: രാമക്ഷേത്ര നിർമാണത്തിന് നിയമം നിർമിക്കണമെന്ന രാഷ്ട്രീയ സ്വയം സേവക സംഘം നേതാവ് മോഹൻ ഭാഗവത് പറഞ്ഞതിനുപിന്നാലെ അയോധ്യയിൽ നിർമാണപ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻവെച്ചു. നിർമാണത്തിനുള്ള ഒരുക്കം ത്വരിതഗതിയിൽ പുരോഗമിക്കുന്നതായും ഇതിനായി അടുത്ത ദിവസം 70 ലോറി കല്ലും കൂടുതൽ നിർമാണത്തൊഴിലാളികളും എത്തുമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അവകാശപ്പെട്ടു.
സുപ്രീംകോടതിയുടെ അനുകൂല വിധി പ്രതീക്ഷിക്കുന്നതായും അതല്ലെങ്കിൽ നിയമനിർമാണത്തിലൂടെ മൂന്നുനില രാമക്ഷേത്രം ഇവിടെ പിറവിയെടുക്കുമെന്നും വി.എച്ച്.പി അന്താരാഷ്ട്ര ഉപാധ്യക്ഷൻ ചമ്പട്ട് റായി വ്യക്തമാക്കി. ക്ഷേത്രം നിർമിക്കുന്ന കാര്യത്തിൽ ഒരടിപോലും പിന്നാക്കം പോകില്ലെന്നും റായി പറഞ്ഞു. ക്ഷേത്രനിർമാണത്തിനുള്ള കൊത്തുപണിയാണ് ഇവിടെ പുരോഗമിക്കുന്നത്.
അതിനിടെ, രാമജന്മഭൂമിയിലേക്കുള്ള റോഡ് അടച്ചു. മേഖലയിൽ വൻതോതിൽ പൊലീസിെന വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും പൊലീസിെൻറ കർശന നിരീക്ഷണത്തിലാണ് അയോധ്യ. അതേസമയം, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ വിധി വരുന്നതിനുമുമ്പ് വി.എച്ച്.പിയുടെ തുടർപ്രവർത്തനങ്ങൾക്ക് ബി.ജെ.പി സർക്കാർ കടിഞ്ഞാണിടണമെന്ന് അയോധ്യക്കേസിലെ ഹരജിക്കാരനായ ഇഖ്ബാൽ അൻസാരി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.