ബാബരി കേസ്: രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയവർക്ക് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയി ൽ 17 ദിവസമായി വാദം നടന്നുവരുന്നതിനിടയിൽ മുസ്ലിം സംഘടനകൾക്കു വേണ്ടി വാദിക്കുന്ന പ്രമുഖ അഭിഭാഷകൻ രാജീവ് ധവാന് ഭീഷണി. കേസിലെ പ്രധാന ഹരജിക്കാരിൽ ഒരാളായ ഇഖ്ബാൽ അൻസാരിക്കുനേരെ അയോധ്യയിൽ ആക്രമണവുമുണ്ടായി. രാജീവ് ധവാൻ കോടതിയലക്ഷ്യ ഹരജി നൽകിയതിനെ തുടർന്ന് ചെന്നൈയിലെ പ്രഫസർ എൻ. ഷൺമുഖം, രാജസ്ഥാൻ സ്വദേശി സഞ്ജയ് കലാൽ ബജ്റംഗി എന്നിവർക്ക് സുപ്രീംകോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചു.
ആഗസ്റ്റ് 14നാണ് രാജീവ് ധവാന് 88കാരനായ പ്രഫസറുടെ ഭീഷണിക്കത്ത് കിട്ടിയത്. അയോധ്യ ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്ന മുസ്ലിംകൾക്കുവേണ്ടി ഹാജരായി സ്വന്തം വിശ്വാസത്തെ വഞ്ചിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നാണ് പ്രഫസറുടെ ചോദ്യം. ഇതിന് വില കൊടുക്കേണ്ടിവരുമെന്ന് മോശമായ പദപ്രയോഗങ്ങളോടെ എഴുതിയ കത്തിൽ മുന്നറിയിപ്പു നൽകി. കലായ് ബജ്റംഗി വാട്സ്ആപ് വഴിയാണ് ഭീഷണിസന്ദേശം അയച്ചത്. വീട്ടിൽ ഇരിക്കുേമ്പാഴും കോടതിവളപ്പിൽ എത്തുേമ്പാഴും നിരവധി ആളുകളിൽനിന്ന് മോശമായ പെരുമാറ്റം ഉണ്ടാകുന്നുവെന്ന് സുന്നി വഖഫ് ബോർഡിനും മറ്റു മുസ്ലിം കക്ഷികൾക്കും വേണ്ടി ഹാജരാവുന്ന രാജീവ് ധവാൻ ഹരജിയിൽ പറഞ്ഞു.
ചുമതല നിർവഹിക്കുന്ന അഭിഭാഷകനെ ഭീഷണിപ്പെടുത്തി നീതിനിർവഹണ നടപടികളെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം. നോട്ടീസ് അയക്കാൻ നിർദേശിച്ച കോടതി, 88കാരനായ പ്രഫസർ നേരിട്ടു ഹാജരാകേണ്ടതില്ലെന്ന് വ്യക്തമാക്കി. ഇതിനിടയിലാണ് അയോധ്യയിൽ പ്രധാന ഹരജിക്കാരൻ ആക്രമിക്കപ്പെട്ടത്. അയോധ്യയിലെ വീട്ടിലെത്തിയാണ് അക്രമിസംഘത്തിെൻറ കൈയേറ്റം. കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് അദ്ദേഹത്തെ രക്ഷിച്ചത്. അക്രമികളെ പൊലീസ് പിടികൂടി.
ഒരു പുരുഷനും സ്ത്രീയും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് അൻസാരിയുടെ വസതിയിൽ എത്തിയത്. വർത്തിക സിങ് എന്ന് പരിചയപ്പെടുത്തിയ സ്ത്രീ, താനൊരു അന്താരാഷ്ട്ര ഷൂട്ടർ ആണെന്ന് അവകാശപ്പെട്ടു. ബാബരി ഭൂമിയിൽ അവകാശവാദം ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ വെടിവെക്കുമെന്നും സ്ത്രീ പറഞ്ഞു. തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സുരക്ഷ ചുമതലയുണ്ടായിരുന്നവർ എത്തി പിടിച്ചുമാറ്റി. പരിക്കൊന്നുമില്ല. പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.