'ജസികയെ ആരും കൊന്നിട്ടുമില്ല, ബാബരി മസ്ജിദ് ആരും തകർത്തിട്ടുമില്ല'; നുണ പറയുന്നതിൽ നാണമില്ലാതായെന്ന് പി. ചിദംബരം
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് ആരും തകർത്തിട്ടില്ല എന്ന നുണ പറയുന്നതിൽ നമുക്ക് നാണമില്ലാതായെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. 1992 ഡിസംബർ ആറിന് സംഭവിച്ചത് ഭീതിതമായ തെറ്റായിരുന്നു. അത് നമ്മുടെ ഭരണഘടനയെ തന്നെ തരംതാഴ്ത്തി. അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല എന്ന് പറയുന്നതിൽ ഒരു നാണവുമില്ലാത്തവരായി ഇന്ന് നമ്മൾ മാറി. രണ്ടു വിഭാഗവും അംഗീകരിച്ചതു കൊണ്ടാണ് അയോധ്യ ഭൂമി തർക്ക കേസിലെ സുപ്രിംകോടതി ഉത്തരവ് ശരിയായ വിധിയാണെന്ന് നമുക്ക് തോന്നുന്നത്.
ബാബരി മസ്ജിദ് തകർത്തത് തെറ്റായിരുന്നുവെന്നും അതിനു പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെട്ടില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എഴുതിയ 'സൺറൈസ് ഓവർ അയോധ്യ-നാഷനൽ ഹുഡ് ഇൻ അവർ ടൈംസ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾക്ക് ശേഷം ആരും ബാബരി മസ്ജിദ് തകർത്തിട്ടില്ല എന്ന തീർപ്പിലാണ് നാമെത്തിയത്.
പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കി. സുപ്രിംകോടതി വിധിക്ക് ശേഷം കാര്യങ്ങൾ പ്രവചിച്ച രീതിയാണ് മുമ്പോട്ടുപോയത്. ഒരു വർഷത്തിൽ പ്രതികളെല്ലാം കുറ്റ മുക്തരായി. ജെസികയെ ആരും കൊന്നിട്ടില്ല എന്നു പറയുംപോലെ ബാബരി മസ്ജിദ് ആരും തകർത്തിട്ടില്ല എന്നാണ് പറയുന്നത് - ചിദംബരം പറഞ്ഞു. ചടങ്ങിൽ സംസാരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് എൽ. കെ അദ്വാനിയുടെ രഥയാത്രയെ കുറിച്ചും പ്രതിപാദിച്ചു.
1858 മുതൽ രാമജന്മഭൂമി തർക്കമുണ്ടായിരുന്നു. എന്നാൽ 1984ലെ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റു മാത്രം നേടിയതോടെയാണ് രാമ ജന്മഭൂമി വിഷയം സംഘ്പരിവാർ പ്രശ്‌നമാക്കി മാറ്റുന്നത്. അടൽ ബിഹാരി വാജ്‌പേയിയുടെ ഗാന്ധിയൻ സോഷ്യലിസം പരാജയപ്പെട്ടതോടെയാണ് അവർ ചുവടുമാറ്റിയത്.
അതോടെ അവർ തീവ്ര മതമൗലിക വാദത്തിലേക്ക് തിരിഞ്ഞു. എൽ.കെ അദ്വാനിയുടെ രഥയാത്ര സമൂഹത്തെ ഒന്നിപ്പിക്കാനായിരുന്നില്ല, വിഭജിക്കാനായിരുന്നു. അദ്ദേഹം പോയിടത്തെല്ലാം വിദ്വേഷത്തിന്റെ വിത്തിട്ടു. രഥയാത്ര രാജ്യത്ത് വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിച്ചു -സിങ് പറഞ്ഞു. ഹിന്ദുത്വക്ക് ഹിന്ദു മതവുമായി ബന്ധമൊന്നുമില്ല. സവർക്കർ മതഭക്തനായിരുന്നില്ല. പശുവിനെ അമ്മയായി കരുതുന്നത് എന്തിനാണ് എന്നു വരെ ഒരിക്കൽ അയാൾ ചോദിച്ചിട്ടുണ്ട് -സിങ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.