അയോധ്യ വിധി സംഘർഷ ചരിത്രം മനസ്സിൽ കണ്ട് -ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: സംഘർഷത്തിന്റെ നീണ്ട ചരിത്രം മനസ്സിൽ കണ്ട് ഒരേ ശബ്ദത്തിൽ സംസാരിക്കാൻ തങ്ങൾ എടുത്ത തീരുമാനമാണ് അയോധ്യ കേസിൽ വിധിയായി വന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തൽ. ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്രമുണ്ടാക്കാൻ വിട്ടുകൊടുക്കാനും കർസേവകർ തകർത്ത പള്ളിക്ക് പകരം മറ്റൊരു ഭൂമിയിൽ പള്ളി പണിയാനുമുള്ള ഏറെ വിമർശനത്തിനിടയാക്കിയ താനടങ്ങുന്ന ബെഞ്ചിന്റെ 2019ലെ വിധിയിലേക്ക് നയിച്ച കാരണമാണ് വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തിയത്. അയോധ്യ വിധിയെഴുതിയ ജഡ്ജിയുടെ പേര് വിധിപ്രസ്താവത്തിൽ വെക്കേണ്ടെന്നത് അഞ്ചുപേരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
അയോധ്യ കേസിൽ സംഘർഷത്തിന്റെ നീണ്ട ചരിത്രമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജ്യ ചരിത്രത്തെക്കുറിച്ചുള്ള വൈവിധ്യമാർന്ന കാഴ്ചപ്പാടുകളുടെ സംഘർഷമാണത്. സംഘർഷങ്ങളുടെ ആ ചരിത്രം മനസ്സിൽ കണ്ട് ഒരേ ശബ്ദത്തിൽ സംസാരിക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. വിധി തയാറാക്കാൻ അഞ്ച് ജഡ്ജിമാരും ഇരുന്നപ്പോൾ കോടതിയുടേതെന്ന നിലക്ക് മതിയെന്നും എഴുതുന്ന ജഡ്ജിയുടെ പേര് വെക്കേണ്ടെന്നും തീരുമാനിച്ചു. അയോധ്യ വിധിയെക്കുറിച്ചുള്ള തന്റെ ഉത്തരം ഈ മറുപടിയോടെ തീർന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.