മസ്ജിദ് ഭൂമി അനധികൃതമായി അയോധ്യയിലെ ക്ഷേത്ര സെക്രട്ടറിക്ക് വിറ്റു; പ്രതികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് സുന്നി സെൻട്രൽ വഖഫ് ബോർഡ്
text_fieldsന്യൂഡൽഹി: മസ്ജിദ് ഭൂമി ശ്രീരാമക്ഷേത്ര ജന്മഭൂമി തീർത്ഥക്ഷേത്ര സെക്രട്ടറിക്ക് വിറ്റ സംഭവത്തിൽ രണ്ട് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡിന്‍റെ അയോധ്യ ഉപസമിതി. 30 ലക്ഷം രൂപക്കാണ് മസ്ജിദ് ഭൂമി വിറ്റതെന്നാണ് ആരോപണം. ഇത് അനീതിയാണെന്നും വിൽപന മുസ്ലിം വിഭാഗക്കാർക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ടെന്നും സമിതി പറഞ്ഞു. അയോധ്യയിലെ ജില്ലാ മജിസ്ട്രേറ്റിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
സെപ്തംബർ 1ന് ക്ഷേത്ര സെക്രട്ടറി ചമ്പത് രാജ് മസ്ജിദിന്‍റെ കീഴിലുള്ള ഭൂമി വിൽപനയുടെ കരാറിന്‍റെ അടിസ്ഥാനത്തിൽ 15 ലക്ഷം രൂപ അഡ്വാൻസ് തുകയായി നൽകിയിരുന്നു. വഖ്ഫ് ബോർഡിന് കീഴിലുള്ള ഭൂമി വിൽക്കാൻ ബോർഡിന് പോലും അനുവാദമില്ലെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.
അയോധ്യയിലെ പൽജി ടോല ഷെഹറിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് വഖഫ് ഉടമസ്ഥതയിലുള്ള ഭൂമിയായാണ് കണക്കാക്കുന്നത്. രാമ പാതയുടെ വീതി കൂട്ടുന്നതിനായാണ് ഭൂമി വാങ്ങിയതെന്നാണ് നിഗമനം. അതേസമയം അയോധ്യയിലെ 250 വഖഫ് സ്വത്തുക്കൾക്ക് പരിപാലകനില്ലെന്നും അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ സംരക്ഷണയിലാണ് ഇവയെന്നും മൊഹമ്മദ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ഏരിയ സബ് കമ്മിറ്റി അയോധ്യ പ്രസിഡന്റ് അസം ഖാദ്രി പറഞ്ഞു. പ്രദേശത്തെ താമസക്കാരായ റയീസ് അഹമ്മദ്, നൂർ ആലം എന്നിവർ പരിചാരകരെന്ന വ്യാജേന ഭൂമി വിൽക്കാൻ കരാറിൽ ഒപ്പിടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളുടെ സ്വന്തം സമുദായത്തിലെ അംഗങ്ങളാണ് ഈ പ്രവൃത്തി ചെയ്തത്. അതിനാൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. വിഷയത്തിൽ ചമ്പത് റായിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഖാദ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.