അയോധ്യ രാമക്ഷേത്രത്തിലെ പ്രഭാത പൂജ തത്സമയം സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത് നിർമിച്ച അയോധ്യ രാമക്ഷേത്രത്തിലെ പ്രഭാത പൂജ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന പ്രഖ്യാപനവുമായി പൊതുപ്രക്ഷേപണ ടെലിവിഷൻ ചാനലായ ദൂരദർശൻ. ദൂരദർശന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനവും. ഇനി എല്ലാ ദിവസവും ഭഗവാൻ ശ്രീ രാംലല്ലയുടെ ദിവ്യ ദർശനം ഉണ്ടായിരിക്കും എന്നായിരുന്നു ദൂരദർശന്റെ കുറിപ്പ്.
ദിവസവും രാവിലെ 6.30നായിരിക്കും ആരതി പ്രക്ഷേപണം ചെയ്യുകയെന്നും അയോധ്യയിൽ ദർശനം നടത്താൻ കഴിയാത്ത ഭക്തർക്ക് വേണ്ടിയാണ് പ്രക്ഷേപണമെന്നും ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്.
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് നാൽപതോളം കാമറകളുമായാണ് ദൂരദർശനെത്തിയത്. ജി-20 സമ്മിറ്റിന്റെ പ്രക്ഷേപണത്തിനായി ഉപയോഗിച്ച ഹൈ റെസൊലൂഷൻ 4K കാമറകളായിരുന്നു നാൽപതും. ദൂരദർശനിൽ പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കാണാൻ ഒരു കോടിയോളം കാഴ്ചക്കാരുമുണ്ടായിരുന്നു, ഉദ്ഘാടന ചടങ്ങിന് 21 ദിവസം മുമ്പേ ക്ഷേത്രത്തെ സംബന്ധിച്ച ദിവസേനയുള്ള അയോധ്യ റൗണ്ട്-അപ്പ്, അതിഥി ചർച്ചകൾ, സ്പെഷ്യൽ സ്റ്റോറികൾ, വോക്സ്-പോപ്പ് തുടങ്ങി വിവിധ പരിപാടികൾ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിന് പുറമെ പ്രത്യേക വാർത്താ ബുള്ളറ്റിനുകളുമുണ്ടായിരുന്നു. തന്റെ സാമ്രാജ്യത്തിലേക്കുള്ള രാമന്റെ തിരിച്ചുവരവ് എന്ന ആശയത്തെ മുൻനിർത്തി കഥകൾ അവതരിപ്പിക്കാൻ എഴുത്തുകാരൻ നീലേഷ് മിശ്രയേയും ചാനൽ സജ്ജമാക്കിയിരുന്നു.
നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ ഇതുവരെ 75ലക്ഷം പേരാണ് ദർശനത്തിനെത്തിയതെന്നാണ് റിപ്പോർട്ട്. ഈ വർഷം ഡിസംബറോടെ നിർമാണം പൂർത്തിയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.