വ്യാജ ജൻമ സർട്ടിഫിക്കറ്റ് കേസ്: അഅ്സം ഖാനും ഭാര്യക്കും മകനും ഏഴ് വർഷം തടവ്
text_fieldsരാംപൂർ: വ്യാജ ജൻമസർട്ടിഫിക്കറ്റ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സമാജ് വാദി പാർട്ടി നേതാവ് അഅ്സം ഖാനും ഭാര്യക്കും മകനും ഏഴുവർഷം തടവ് ശിക്ഷ വിധിച്ച് രാംപൂർ കോടതി. കോടതിവിധിക്കു ശേഷം അഅ്സം ഖാനെയും ഭാര്യ തൻസീം ഫാത്തിമയെയും മകൻ അബ്ദുല്ല അഅ്സം ഖാനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അഅ്സം ഖാൻ രണ്ടു ജൻമ സർട്ടിഫിക്കറ്റ് കൈവശം വെച്ചുവെന്നാണ് ആരോപണമുയർന്നത്.
ആദ്യത്തെ ജൻമസർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അഅ്സം ഖാൻ പാസ്പോർട്ട് എടുത്തതും വിദേശയാത്രകൾ നടത്തുന്നത് എന്നാണ് ആരോപണം. സർക്കാർ സംബന്ധമായ ആവശ്യങ്ങൾക്ക് രണ്ടാമത്തെ ജൻമസർട്ടിഫിക്കറ്റാണ് ഉപയോഗിക്കുന്നത്. രണ്ട് സർട്ടിഫിക്കറ്റുകളും സ്വന്തമാക്കിയത് വ്യാജമായാണെന്നും പരാതിയിലുണ്ട്.
രാംപൂർ നഗരസഭ 2012 ജൂൺ 28നാണ് ആദ്യ ജൻമസർട്ടിഫിക്കറ്റ് അനുവദിച്ചത്. ഇതിൽ രാംപൂർ ആണ് അഅ്സം ഖാന്റെ ജൻമസ്ഥലമായി കാണിച്ചിട്ടുള്ളത്. 2015ൽ ലഭിച്ച ജൻമസർട്ടിഫിക്കറ്റിൽ ലഖ്നോ ആണ് ഇദ്ദേഹത്തിന്റെ ജന്മസ്ഥലം. അഅ്സം ഖാന് രണ്ട് ജൻമസർട്ടിഫിക്കറ്റുണ്ടെന്ന് കാണിച്ച് ബി.ജെ.പി എം.എൽ.എ ആകാശ് സക്സേനയാണ് പരാതി നൽകിയത്. പരാതിയിൽ അഅ്സം ഖാന്റെ ഭാര്യയെയും പ്രതിചേർത്തിരുന്നു.
15 വർഷം പഴക്കമുള്ള അഴിമതിക്കേസിൽ രണ്ടുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അഅ്സം ഖാന്റെ എം.എൽ.എ സ്ഥാനം നഷ്ടമായിരുന്നു. എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കേസിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ കഴിഞ്ഞാഴ്ച സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇപ്പോഴത്തെ കോടതിവിധിയും അഅ്സം ഖാന് തിരിച്ചടിയായിരിക്കുകയാണ്. വിദ്വേഷ പ്രസംഗത്തിൽ രാംപൂർ കോടതി അഅ്സം ഖാനെയും മകനെയും ശിക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.