ബാങ്കുവിളികൊണ്ട് ബുദ്ധിമുട്ടില്ല, ദിനചര്യയുടെ ഭാഗം; ഉച്ചഭാഷിണി നീക്കുന്നതിനെതിരെ പ്രമേയം പാസാക്കി ഹിന്ദു ഭൂരിപക്ഷ ഗ്രാമം
text_fieldsമുംബൈ: മുസ്‍ലിം പള്ളികളിലെ ബാങ്കുവിളിക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തുന്ന വിദ്വേഷ പ്രവർത്തനങ്ങൾക്കിടെ മതസൗഹാർദത്തിന് മാതൃകയായി മഹാരാഷ്ട്രയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമം. തങ്ങളുടെ ഗ്രാമത്തിലുള്ള പള്ളിയിൽനിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യരുതെന്നാവശ്യപ്പെട്ട് ഇവർ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ബാങ്കുവിളി തങ്ങളുടെ ദിനചര്യയുടെ ഭാഗമാണെന്നും ഗ്രാമത്തിൽ ആരും ഇതുകൊണ്ട് ബുദ്ധിമുട്ടാറില്ലെന്നും ഗ്രാമവാസികൾ പറഞ്ഞു.
മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ ജൽന ജില്ലയിലെ ധസ്ല-പിർവാഡിയിലാണ് സംഭവം. ഏകദേശം 600 മുസ്‍ലിംകൾ ഉൾപ്പെടെ 2,500ഓളം പേരാണ് ഗ്രാമത്തിലുള്ളത്. കഴിഞ്ഞ ആഴ്ച പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് ഗ്രാമസഭ സംഘടിപ്പിക്കുകയും പള്ളിയിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യരുതെന്ന പ്രമേയം ഏകകണ്ഠമായി പാസാക്കുകയുമായിരുന്നു. പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ സന്നിഹിതരായി.
'ഞങ്ങൾ ഗ്രാമീണർ എല്ലാ ജാതിയിലും പെട്ടവരാണ്. അറുനൂറോളം മുസ്ലീം കുടുംബങ്ങളാണ് ഇവിടെയുള്ളത്. രാജ്യത്ത് പലവിധ രാഷ്ട്രീയ കളികൾ നടക്കുന്നുണ്ടെങ്കിലും വർഷങ്ങളായി ഞങ്ങൾ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുകയാണ്. അത് ഞങ്ങളുടെ ബന്ധങ്ങളെയും പാരമ്പര്യങ്ങളെയും ബാധിക്കരുതെന്ന് ഞങ്ങൾ തീരുമാനിച്ചു' -ഗ്രാമത്തിലെ സർപഞ്ച് രാം പാട്ടീൽ പറഞ്ഞു.
'ബാങ്കുവിളി ഗ്രാമവാസികളുടെ ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും അവരവരുടെ പതിവ് ജോലികൾ ചെയ്യുന്നത്. ഗ്രാമവാസികൾ രാവിലെ ബാങ്കുവിളി കഴിഞ്ഞ് ജോലി ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് ശേഷം ഉച്ചഭക്ഷണ ഇടവേള എടുക്കുന്നു.
വൈകീട്ട് അഞ്ചിന് ബാങ്കുവിളി കേട്ടാൽ ജോലി നിർത്തും. വൈകുന്നേരം ഏഴിനുള്ള ബാങ്ക് അത്താഴത്തിന്റെ സമയം അടയാളപ്പെടുത്തുന്നു. തുടർന്ന് അവസാന ബാങ്ക് കഴിഞ്ഞാൽ എല്ലാവരും ഉറങ്ങാൻ പോകും' -പ്രമേയം വ്യക്തമാക്കുന്നു. എതിർപ്പുണ്ടെങ്കിൽ ഉച്ചഭാഷിണിയുടെ ശബ്ദം കുറക്കാമെന്ന് പള്ളിയിലെ മൗലവി സാഹിർ ബേഗ് മിർസ ഗ്രാമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതിന്റെ ആവശ്യമില്ലെന്നായിരുന്നു ഗ്രാമത്തിന്റെ പൊതുവികാരം.
ജാതിയോ മതമോ നോക്കാതെ എല്ലാ വീടുകളിലും നടക്കുന്ന പരിപാടികളിൽ ഗ്രാമവാസികൾ എപ്പോഴും പങ്കെടുക്കാറുണ്ടെന്ന് പാട്ടീൽ പറഞ്ഞു. സാമുദായിക സൗഹാർദം നിലനിർത്താൻ, മഹാദേവ ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ ഭാഗമായി കാവി പതാക ഉയർത്താൻ ഗ്രാമവാസികൾ നിശ്ചയിച്ചത് മുസ്‍ലിം യുവാവിനെയാണ്.
ഈ പ്രമേയം പാസാക്കാൻ തങ്ങളെ രാഷ്ട്രീയ പാർട്ടികൾ പ്രേരിപ്പിച്ചിട്ടില്ലെന്നും പുറത്ത് നടക്കുന്ന വിഷലിപ്ത രാഷ്ട്രീയത്തിൽനിന്ന് ഗ്രാമത്തെ അകറ്റിനിർത്തുക എന്നതാണ് ഉദ്ദേശ്യമെന്നും പാട്ടീൽ പറഞ്ഞു. എല്ലാവർക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. പക്ഷേ, ഞങ്ങളുടെ ഗ്രാമത്തെ ഇതിൽ നിന്നെല്ലാം മാറ്റിനിർത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.