അന്ന് കച്ചവടമില്ലാതെ പൊട്ടിക്കരഞ്ഞു; ഇന്ന് പെട്ടിക്കട നടത്തിയ അതേ തെരുവിൽ റസ്റ്റോറന്റ് -ഇത് 'ബാബ കാ ധാബ'യുടെ വിജയകഥ
text_fields'കൊറോണ ഞങ്ങളുടെ ജീവിതം തകർത്തു. ഇന്ന് ഇതുവരെ ലഭിച്ചത് ആകെ അമ്പത് രൂപയാണ്. ജീവിക്കാൻ വഴിയില്ല'- നിറകണ്ണുകളോടെ ഇതുപറയുന്ന ആ വയോധികൻെ വിഡിയോ ഓർമ്മയില്ലേ? സമൂഹ മാധ്യമങ്ങളിൽ വൈറലായ 'ബാബ കാ ധാബ' ഭക്ഷണശാലയുടെ ഉടമ കാന്താപ്രസാദ് ആയിരുന്നു അത്. ഡൽഹിയിലെ മാളവ്യ നഗറിൽ 80കാരനായ കാന്താപ്രസാദും ഭാര്യ ബദാമി ദേവിയും ചെറിയ പെട്ടിക്കടയിൽ നടത്തിയിരുന്ന ഭക്ഷണശാല അതോടെ ഹിറ്റായി. അന്ന് പെട്ടിക്കട നടത്തിയ അതേ തെരുവിൽ ഇപ്പോൾ റസ്റ്റോറന്റ് തുറന്നിരിക്കുകയാണ് കാന്താപ്രസാദ്.
'ഞങ്ങൾ ഇന്ന് സന്തുഷ്ടരാണ്. ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങളെ സഹായിച്ച നല്ലാവരായ ആളുകൾക്കെല്ലം നന്ദി. ഞങ്ങളുടെ റസ്റ്റോറന്റ് സന്ദർശിച്ച് ഇവിടുത്തെ ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ ആസ്വദിക്കണമെന്ന് അവരോടെല്ലാം അഭ്യർഥിക്കുകയാണ്' -പുതിയ റെസ്റ്റോറന്റിലെ കൗണ്ടറിലിരുന്ന് കാന്താപ്രസാദ് പറഞ്ഞു.
ഒക്ടോബറിലാണ് കൊറോണ തങ്ങളുടെ കച്ചവടത്തെ തകർത്തെന്നും ജീവിക്കാൻ വഴിയില്ലെന്നും കാന്തപ്രസാദും ഭാര്യയും നിറകണ്ണുകളോടെ പറയുന്ന വിഡിയോ വൈറലായത്. ഫുഡ് ബ്ലോഗർ ഗൗരവ് വാസൻ പകർത്തിയ വിഡിയോ ക്രിക്കറ്റ് താരം ആർ. അശ്വിനും ബോളിവുഡ് താരങ്ങളായ സോനം കപൂറും സുനിൽ ഷെട്ടിയും സ്വര ഭാസ്കറും രവീണ ടണ്ടനുമൊക്കെ പങ്കുവെച്ചതോടെ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും 'ബാബ കാ ധാബ' ട്രെന്‍റിങായി. മണിറുകൾക്കുള്ളിൽ കടയിൽ വന്നുതുടങ്ങിയ ആളുകളുടെ തിരക്കിന്‍റെ ചിത്രങ്ങളും വിഡിയോയും ദിവസങ്ങളോളം വാർത്തകളിൽ നിറഞ്ഞു.
'ബാബ കാ ധാബയിൽ വന്നു ഭക്ഷണം കഴിക്കൂ' എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവച്ചത്. ഇത് കണ്ടവരിൽ ഭൂരിഭാഗവും കടയിലെത്തുന്നതിന്‍റെയും കാന്താപ്രസാദും ഭാര്യയും നിർത്താതെ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുന്നതിന്‍റെയും വിഡിയോയും വൈറലായി. വന്നവരിൽ അധികവും ഇവരെ സഹായിക്കാനും മറന്നില്ല. ചിലർ ആയിരക്കണക്കിന് രൂപ നൽകി, ചിലർ കടയിലേക്ക് ആവശ്യമുള്ള സാധനങ്ങളും.
30 വർഷമായി താൻ കഷ്ടപ്പെട്ട് ചെറിയ ഭക്ഷണശാല നടത്തിയിരുന്ന തെരുവിലാണ് ഇന്ന് കാന്താപ്രസാദ് റസ്റ്റോറന്റ് തുടങ്ങിയത്. അതേസമയം, വില കുറച്ച് ദാലും ചോറും പൊറോട്ടയുമൊക്കെ നൽകിയിരുന്ന കടയിൽ നിന്നുള്ള തന്‍റെ വളർച്ചയിൽ അസൂയാലുക്കൾ നിരവധിയാണെന്നും അദ്ദേഹം പറയുന്നു. തന്നെ വധിക്കുമെന്നും കട കത്തിച്ച് ചാമ്പലാക്കുമെന്നുമൊക്കെ ഭീഷണിയുണ്ട്. കുറച്ചുനാളുകളായി ചിലർ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് കാന്താപ്രസാദ് മാളവ്യ നഗർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കാന്താപ്രസാദിന്‍റെ വിഡിയോ വൈറലാക്കിയ ഫുഡ് ബ്ലോഗർ ഗൗരവ് വാസൻ ആണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ച് തനിക്കുവേണ്ടി സഹായം അഭ്യർഥിച്ച ഗൗരവ് സ്വന്തം അക്കൗണ്ട് നമ്പർ നൽകി സഹായധനമായി വന്ന ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്ന് കാന്താപ്രസാദ് പരാതിപ്പെടുന്നു. 25 ലക്ഷത്തോളം രൂപ സമാഹരിച്ചിട്ട് തനിക്ക് ഗൗരവ് രണ്ട് ലക്ഷം രൂപ മാത്രമാണ് നൽകിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. കാന്താപ്രസാദിന്‍റെ പരാതി പ്രകാരം പൊലീസ് ഗൗരവനെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്തിരുന്നു. അതിനിടെ, കാന്താപ്രസാദിനെ ആരൊക്കെയോ ചേർന്ന് തെറ്റിദ്ധിപ്പിച്ചതാണെന്നും സത്യം ഒരുനാളിൽ തെളിയുമെന്നുമാണ് ഗൗരവ് വാസൻ പറയുന്നത്.
This video completely broke my heart. Dilli waalon please please go eat at बाबा का ढाबा in Malviya Nagar if you get a chance 😢💔 #SupportLocal pic.twitter.com/5B6yEh3k2H
— Vasundhara Tankha Sharma (@VasundharaTankh) October 7, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.