ആ വിഡിയോയിൽ രാജ്യമറിഞ്ഞ് 'ബാബാ കാ ധാബ'; പൊടിപൊടിച്ച് കച്ചവടം
text_fieldsഡൽഹി: മാളവ്യ നഗറിലെ ആ ചെറിയ ചായക്കടയിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് എൺപതുകാരനായ കാന്ത പ്രസാദും ഭാര്യയും കഷ്ടിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. 'ബാബാ കാ ധാബ' എന്നു പേരുള്ള കടയിലേക്ക് പക്ഷേ, ലോക്ഡൗൺ കാലത്ത് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് എത്തിയിരുന്നത്. മഹാമാരിക്കാലത്ത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന രീതി ആളുകൾ ഒഴിവാക്കിയപ്പോൾ കടയിൽ ആളുകയറാതെ ഏറെ ബുദ്ധിമുട്ടിലായിരുന്നു ഈ വയോധിക ദമ്പതികൾ.
എന്നാൽ, ഒരുദിനം കൊണ്ട് കാര്യങ്ങൾ മാറിമറിഞ്ഞു. തലേന്നുവരെ ആളൊഴിഞ്ഞ ചായക്കടക്കുമുമ്പിൽ, വ്യാഴാഴ്ച തടിച്ചുകൂടിയ ജനക്കൂട്ടത്തെക്കണ്ട് കാന്ത പ്രസാദ് അമ്പരന്നു. സാധാരണ ഗതിയിൽ വൈകുന്നേരമായാലും ആളെത്താതെ ബാക്കിയാവുന്ന ഭക്ഷണം രാവിലെത്തന്നെ ചൂടപ്പംപോലെ വിറ്റുതീർന്നു.
ഒരു വിഡിയോയാണ് 'ബാബാ കാ ധാബ'യുടെ തലവര മാറ്റിയെഴുതിയത്. തെൻറ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഗൗരവ് വാസൻ എന്നയാൾ പോസ്റ്റ് ചെയ്ത വിഡിയോ ആയിരുന്നു അത്. ഭക്ഷണം കഴിക്കാൻ ആരും വരാത്തതിനാൽ ജീവിതം പ്രതിസന്ധിയിലായ കാന്തപ്രസാദിെൻറ കണ്ണീരായിരുന്നു ആ വിഡിയോയുടെ ഉള്ളടക്കം. '80കാരായ ഈ ദമ്പതികൾ ഒന്നാന്തരം മടർ പനീറാണ് വിൽക്കുന്നത്. ഇവർക്ക് നമ്മുടെ സഹായം ആവശ്യമാണ്' എന്ന അടിക്കുറിപ്പോടെ വാസൻ പങ്കുവെച്ച വിഡിയോ വൈറലായി. നടിമാരായ സ്വര ഭാസ്കറും രവീണ ടണ്ടനും അടക്കമുള്ളവർ ഇത് െഷയർ ചെയ്തു. ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും 'ബാബാ കാ ധാബ' ട്രെൻഡിങ്ങായി.
ഇതോടെ ഈ വൃദ്ധ ദമ്പതികൾക്ക് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെ ആളുകൾ ഒഴുകിയപ്പോൾ അഭൂതപൂർവമായ തിരക്കാണ് കടയിൽ അനുഭവപ്പെട്ടത്. ഭക്ഷണം കഴിക്കാതെ പലരും സംഭാവനയായും ഒട്ടേറെ തുക കാന്തപ്രസാദിനും ഭാര്യക്കും നൽകി. വൈറലായ കടക്കുമുന്നിൽ സെൽഫിയെടുക്കാനും മറ്റും ആളുകൾ തിരക്കുകൂട്ടുന്നതും കാണാമായിരുന്നു. 1988 മുതൽ ഇവിടെ കച്ചവടം നടത്തുന്ന കാന്തപ്രസാദ് കുറഞ്ഞ വിലക്കാണ് ചോറും പരിപ്പും റൊട്ടിയും അടക്കമുള്ളവ വിൽപന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.