പേര് വെളിപ്പെടുത്താൻ രാംദേവിന് ഭയമില്ല; റഹ്മാന് പിന്നെ എന്ത് പ്രശ്നം -കടകളിൽ പേരെഴുതി തൂക്കണമെന്ന വിവാദ ഉത്തരവിനെ പിന്തുണച്ച് ബാബ രാംദേവ്
text_fieldsലഖ്നോ: കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളിൽ ഉടമയുടെ പേരുകൾ എഴുതിയ ബോർഡ് തൂക്കണമെന്ന ഉത്തരവിനെ പിന്തുണച്ച് യോഗ ഗുരു ബാബ രാംദേവ്. ഉത്തർപ്രദേശിനും ഉത്തരാഖണ്ഡിനും പുറമെ ഉജ്ജയ്നിലും ഇത്തരം നിർദേശം നൽകിയിരുന്നു. എല്ലാവരും അവനവന്റെ പേരിൽ അഭിമാനിക്കണമെന്നാണ് ഉത്തരവിനെ കുറിച്ച് ബാബ രാംദേവ് പറഞ്ഞത്. ''രാംദേവിന് പേരെഴുതി തൂക്കുന്നത് ഒരു പ്രശ്നവുമില്ലെങ്കിൽ പിന്നെന്തിനാണ് റഹ്മാൻ പ്രശ്നമുണ്ടാക്കുന്നത്.''-എന്നായിരുന്നു രാംദേവിന്റെ ചോദ്യം.
''രാംദേവിന്റെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നതിന് ഒരു പ്രശ്നവുമില്ല. പിന്നെ എന്തിനാണ് റഹ്മാൻ വ്യക്തിത്വം വെളിപ്പെടുത്താൻ പ്രശ്നമുണ്ടാക്കുന്നത്. സ്വന്തം പേരിൽ എല്ലാവരും അഭിമാനിക്കുകയാണ് വേണ്ടത്. പേരുകൾ ഒളിച്ചുവെക്കേണ്ട ഒരാവശ്യവുമില്ല. തൊഴിലിൽ വിശുദ്ധി കാത്തുസൂക്ഷിക്കണം. നമ്മുടെ തൊഴിൽ പരിശുദ്ധമാണെങ്കിൽ പിന്നെ ഹിന്ദുവെന്നതോ മുസ്‍ലിം എന്നതോ വിഷയമേ അല്ല.''-ബാബാ രാംദേവ് പറഞ്ഞു.
ഉത്തരാഖണ്ഡിനും യു.പിക്കും പിന്നാലെ മധ്യപ്രദേശിലെ ഉജ്ജയിനിലെ മുനിസിപ്പാലിറ്റി അധികൃതരും കടകളിൽ ഉടമകളുടെ പേരെഴുതിയ ബോർഡ് തൂക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് ലംഘിക്കുന്നവർക്ക് 2000 രൂപ പിഴ ചുമത്തുമെന്നും ഉജ്ജയ്ൻ മേയർ അറിയിക്കുകയുണ്ടായി. എന്നിട്ടും പേരെഴുതിയില്ലെങ്കിൽ പിഴ 5000 രൂപയായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്. വിവാദ ഉത്തരവിനെതിരെ നിരവധി പേരാണ് രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.