തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; ബാബാ രാംദേവ് ഇന്ന് സുപ്രീംകോടതിയിൽ ഹാജരായേക്കും
text_fieldsന്യൂഡൽഹി: യോഗ ഗുരു രാംദേവും പതഞ്ജലി ആയുർവേദ് മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികളിൽ നേരിട്ട് ഹാജരായേക്കും. കഴിഞ്ഞ വാദത്തിനിടെ പതഞ്ജലി നിർദ്ദേശങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടതിന് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ഏപ്രിൽ രണ്ടിന് രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാൻ നിർദേശിച്ചു.
പതഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ നിറഞ്ഞ പരസ്യങ്ങളെ തുടർന്ന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.
ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്സ്) നിയമത്തിൽ പരാമർശിച്ച അസുഖങ്ങൾ മാറ്റാമെന്ന് അവകാശവാദമുള്ള ഒരു ഉൽപന്നവും പതഞ്ജലി പരസ്യം ചെയ്യുകയോ വിപണനം നടത്തുകയോ ചെയ്യരുതെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിച്ചതിന് ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.