പതഞ്ജലിയുടെ വെജിറ്റേറിയൻ ഉൽപന്നത്തിൽ ചേരുവയായി മത്സ്യവും; പരാതിയിൽ ഇടപെട്ട് ഹൈകോടതി
text_fieldsന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ വെജിറ്റേറിയൻ ഉൽപന്നത്തിൽ ചേരുവയായി മത്സ്യവും ഉൾപ്പെടുത്തിയെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ ഡൽഹി ഹൈകോടതി കേന്ദ്രസർക്കാറിൽ നിന്നും ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും വിശദീകരണം തേടി. പതഞ്ജലിയുടെ ദന്തസംരക്ഷണ ഉൽപന്നമായ ദിവ്യ ദന്ത് മഞ്ജനിലാണ് ചേരുവയായി മത്സ്യവും ഉപയോഗിച്ചത്.
യതിൻ ശർമ്മയെന്ന അഭിഭാഷകനാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. വെജിറ്റേറിയൻ എന്ന രീതിയിൽ മാർക്കറ്റ് ചെയ്ത ഉൽപന്നത്തിലാണ് മത്സ്യത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന അസംസ്കൃത വസ്തുവും കണ്ടെത്തിയത്. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ടിന്റെ ലംഘനമാണ് പതഞ്ജലി നടത്തിയതെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നുമാണ് ആവശ്യം.
പരാതി ലഭിച്ചതോടെ പതഞ്ജലിക്കും സഹസ്ഥാപനങ്ങൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് നവംബറിൽ വീണ്ടും പരിഗണിക്കും. നേരത്തെ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി പതഞ്ജലി ഗ്രൂപ്പിന്റെ 14 ഉൽപ്പന്നൾ നിരോധിക്കുകയും തുടർന്ന് ഇവയുടെ വിൽപന കമ്പനി നിർത്തിവെക്കുകയും ചെയ്തിരുന്നു.
കോവിഡ് വാക്സിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ പ്രചാരണം നടത്തിയതിന് സുപ്രീംകോടതിയിൽ പതഞ്ജലിക്കെതിരെ കേസുണ്ടായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് കേസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.