ബാബാ സിദ്ദീഖി: ബോളിവുഡ് താരങ്ങളുടെ തോഴൻ
text_fieldsമുംബൈ: താരനിബിഡമായ നോമ്പുതുറകളുടെ സംഘാടനത്തിലൂടെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബാബാ സിദ്ദീഖി ജനമനസ്സുകളിലെത്തുന്നത്. രാഷ്ട്രീയ, സിനിമ, വ്യവസായ മേഖലകളിലെ വമ്പന്മാരെല്ലാമെത്തുന്ന ഇഫ്താർ പാർട്ടി. 2013ലെ ഇഫ്താർ പാർട്ടിയാണ് അതിൽ പ്രശസ്തം. പരസ്പരം ഉടക്കിനിൽക്കുകയായിരുന്ന ബോളിവുഡിന്റെ ഖാന്മാർ സൽമാന്റെയും ഷാറൂഖിന്റെയും പിണക്കം തീർത്ത നോമ്പുതുറയായിരുന്നു അത്. ഇരു ഖാന്മാരുടെയും ആരാധകരുടെ ഇഷ്ടക്കാരനുമായി സിദ്ദീഖി.
ബിഹാറിൽനിന്ന് കുടിയേറിയ ബിസിനസ് കുടുംബത്തിലെ ബാബ സിദ്ദീഖി എന്ന സിയാവുദ്ദീൻ സിദ്ദീഖിക്ക് കോൺഗ്രസ് ആയിരുന്നു രാഷ്ട്രീയ തട്ടകം. വിദ്യാർഥികാലം തൊട്ട് ചെറുപദവികളിലൂടെ യൂത്ത് കോൺഗ്രസ് മുംബൈ അധ്യക്ഷനോളമെത്തി. 1992ൽ മുംബൈ നഗരസഭാംഗവുമായി.
ആ കാലത്ത് കോൺഗ്രസ് എം.പിയും ബോളിവുഡ് താരവുമായിരുന്ന സുനിൽ ദത്തുമായുള്ള ബന്ധമാണ് സിദ്ദീഖിയുടെ രാഷ്ട്രീയ-ബോളിവുഡ് ബന്ധങ്ങൾക്ക് വഴിതുറന്നത്. 1999 മുതൽ 2009 വരെ മൂന്നുതവണ ബാന്ദ്ര വെസ്റ്റിലെ എം.എൽ.എ ആയി. കോൺഗ്രസ്-എൻ.സി.പി സഖ്യ ഭരണകാലത്ത് 2004ലാണ് ഭക്ഷ്യവിതരണ സഹമന്ത്രിയാകുന്നത്.
2014ൽ ബി.ജെ.പിയിലെ ആശിഷ് സേലാറിനോട് തോറ്റു. ചേരി പുനർ നിർമാണ പദ്ധതിയായ എസ്.ആർ.എയുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം നേരിട്ടു. 48 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് അജിത് പവാർ പക്ഷത്തേക്ക് പോയത്. രാഷ്ട്രീയജീവിതം ബിഹാറിലേക്ക് പറിച്ചുനടാനുള്ള വിഫലശ്രമത്തിന് ശേഷമാണ് അജിത് പക്ഷത്തേക്ക് പോകാൻ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.
ഡൽഹി പൊലീസ് മുംബൈയിലേക്ക്
ന്യൂഡൽഹി: ബാബാ സിദ്ദീഖിയുടെ കൊലപാതക കേസ് അന്വേഷണത്തിൽ മുംബൈ പൊലീസിനെ സഹായിക്കാൻ ഡൽഹി പൊലീസ് പ്രത്യേക സംഘത്തെ അയക്കും. ഡൽഹി സ്പെഷൽ സെല്ലിലെ അഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘമാണ് മുംബൈ പൊലീസിനെ സഹായിക്കാൻ പോകുന്നത്. ഡൽഹി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഡൽഹി പൊലീസും അന്വേഷണത്തിന്റെ ഭാഗമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.