'അതവർ ആഗ്രഹിച്ചിരുന്നു, അല്ലാഹു വഴികാട്ടി'; ഖാൻമാരുടെ പിണക്കം മാറ്റിയ ബാബാ സിദ്ദിഖി
text_fieldsമുംബൈ: കൊല്ലപ്പെട്ട എൻ.സി.പി അജയ് പവാർ വിഭാഗം നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖിയുമായി അടുത്ത ബന്ധമാണ് ബോളിവുഡ് നടൻ സൽമാൻ ഖാന്. സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾക്കകമാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നതും. സിദ്ദിഖിയുടെ ഇഫ്താർ മീറ്റുകളിൽ സൽമാനും ഷാരൂഖ് ഖാനും ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു.
സൽമാനും ഷാരൂഖും തമ്മിൽ വർഷങ്ങളായി നിലനിന്ന പ്രശ്നം പരിഹരിച്ചതും സിദ്ദിഖിയുടെ മധ്യസ്ഥതയിലാണ്. 2008ൽ കത്രീന കൈഫിന്റെ ജൻമദിന പരിപാടിയുമായി ബന്ധപ്പെട്ടാണ് ഷാരൂഖും സൽമാനും തമ്മിൽ വാക്കേറ്റമുണ്ടായത്. അതിൽ പിന്നെ അഞ്ചുവർഷത്തോളം കണ്ടാൽ പോലും മിണ്ടാറില്ലായിരുന്നു. 2013ൽ ഏപ്രിൽ 17ന് സിദ്ദിഖി നടത്തിയ ഇഫ്താർ പാർട്ടിയിൽ വെച്ച് ഇരുനടൻമാരും തമ്മിലുള്ള പിണക്കം മാറി. രണ്ടുപേരും അതാഗ്രഹിച്ചിരുന്നു. അല്ലാഹു വഴികാണിച്ചുകൊടുത്തു. അല്ലാതെ എനിക്കതിൽ ഒരു റോളുമില്ല. -എന്നാണ് ഖാൻമാരുടെ പിണക്കം മാറ്റിയതിനെ കുറിച്ച് ഒരിക്കൽ സിദ്ദിഖി പറഞ്ഞത്. സഞ്ജയ് ദത്ത്, ശിൽപ ഷെട്ടി തുടങ്ങിയവരും സിദ്ദിഖിയുടെ ഇഫ്താർ പാർട്ടികളിൽ പെങ്കടുക്കാറുണ്ടായിരുന്നു.
ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് സമീപത്ത് വെച്ചാണ് രാത്രി 9.30ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ നെഞ്ചിന് പരിക്കേറ്റ സിദ്ദിഖിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ അധോലോക നായകൻ ലോറൻസ് ബിഷ്‍ണോയിക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ബാന്ദ്ര ഈസ്റ്റില്‍ നിന്ന് മൂന്ന് തവണ (1999, 2004, 2009) എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ബാബാ സിദ്ദിഖി. 2004- 2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു. സിദ്ദിഖിയുടെ മകന്‍ സിഷന്‍ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ്. സീഷനെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ആഗസ്റ്റില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. 15 ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ദിഖിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വൈ ക്യാറ്റഗറി സുരക്ഷയിലായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.