ബാബ സിദ്ദീഖി വധം: പ്രതി ഭഗവന്ത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിൽവിട്ടു
text_fieldsമുംബൈ: മഹാരാഷ്ട്ര മുൻ സഹമന്ത്രിയും അജിത് പവാർ പക്ഷ എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖി വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതി ഭഗവന്ത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ഒക്ടോബർ 26 വരെയാണ് ക്രൈംബ്രാഞ്ചിന് കോടതി കസ്റ്റഡി അനുവദിച്ചത്.
ബാബ സിദ്ദീഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഞ്ചു പേരെ കൂടി മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്രായപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധർമരാജ് സിങ്ങിനെ ഒക്ടോബർ 21 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
മകനും എം.എൽ.എയുമായ സീഷാൻ സിദ്ദീഖിയുടെ ബാന്ദ്ര ഈസ്റ്റിലെ ഓഫിസിൽ നിന്നിറങ്ങി കാറിൽ കയറുമ്പോൾ മൂവർ സംഘം വെടിയുതിർക്കുകയായിരുന്നു. ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ രാത്രി 11.30ഓടെ മരണം സംഭവിച്ചു.
കൊലപാതകത്തിന് പിന്നിൽ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്ണോയ് ആണെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്. സൽമാൻ ഖാൻ, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം എന്നിവരുമായുള്ള ബന്ധമാണ് കൊലക്ക് കാരണമെന്ന് ബിഷ്ണോയ് സംഘം ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു.
കോൺഗ്രസിലെ ന്യൂനപക്ഷ മുഖം, ഷാറൂഖ്-സൽമാൻ ഖാന്മാർ അടക്കമുള്ള ബോളിവുഡ് താരങ്ങളുടെ സുഹൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ബാബ സിദ്ദീഖി. കഴിഞ്ഞ ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് സിദ്ദീഖി അജിത് പവാർ പക്ഷത്തേക്ക് മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.