ബാബാ സിദ്ദീഖി വധം: ചുരുളഴിയാത്ത കൊലപാതകം, നട്ടംതിരിഞ്ഞ് മുംബൈ ക്രൈംബ്രാഞ്ച്
text_fieldsമുംബൈ: എൻ.സി.പി നേതാവ് ബാബാ സിദ്ദീഖിയുടെ കൊലപാതകം നടന്ന് 19 ദിവസങ്ങൾ പിന്നിട്ടിട്ടും കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കഴിയാതെ മുംബൈ ക്രൈംബ്രാഞ്ച്. കേസിൽ മുഖ്യപ്രതി സുജിത് സിങ് ഉൾപ്പടെ 15 പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കൊലപാതക കാരണം ദുരൂഹമായി തുടരുകയാണ്.
“എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന് ശേഷം മാത്രമേ കാരണം വെളിപ്പെടുത്താൻ കഴിയൂ. രണ്ട് പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്. അവർ പിടിയിലാകുന്നത് വരെ ക്രൈംബ്രാഞ്ചിന് കൊലപാതകത്തിന്‍റെ കാരണം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണ്” -മുംബൈ ക്രൈംബ്രാഞ്ച് ജോയിന്‍റ് പൊലീസ് കമീഷണർ ലക്ഷ്മി ഗൗതം പറഞ്ഞു. ബിഷ്‌ണോയ് സംഘത്തിന്‍റെ പങ്ക് പുറത്തുവന്നെങ്കിലും ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം പുറത്തുവരാൻ എത്രനാൾ വേണ്ടിവരുമെന്ന് കണ്ടറിയണം.
66കാരനായ ബാബ സിദ്ദീഖി ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്ത് വെച്ച് ഒക്ടോബർ 12ന് രാത്രിയാണ് വെടിയേറ്റത്. ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള അടുപ്പമാണ് എൻ.സി.പി നേതാവിന്‍റെ കൊലപാതക കാരണമെന്ന് ബിഷ്ണോയി സംഘാംഗമെന്ന് കരുതുന്നയാളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിപ്പു വന്നിരുന്നു.
സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ബാബ സിദ്ദീഖി കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.