ബാബരി ഭൂമി കേസ് സങ്കീർണമാക്കിയത് കെ.കെ. നായർ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദിനുള്ളിൽ കൊണ്ടുവന്നിട്ട വിഗ്രഹം എടുത്തുമാറ്റാൻ ബാധ്യസ്ഥനായ മലയാളിയായ ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് കെ.കെ. നായർ അത് ചെയ്യാതെ വിഗ്രഹം സംരക്ഷിച്ചതാണ് ബാബരി ഭൂമി കേസ് സങ്കീർണമാക്കിയതെന്ന് മുതിർന്ന അഭിഭാഷകൻ അഡ്വ. രാജീവ് ധവാൻ. മുസ്ലിംകൾ ബാബരി പള്ളി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നത് അന്നത്തെ ‘നായർ പരിഹാരം’ ആണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് മുമ്പാകെ ധവാൻ ബോധിപ്പിച്ചു. ബാബരി ഭൂമി കേസിൽ അന്തിമ വാദത്തിെൻറ 37ാം ദിവസം സുന്നി വഖഫ് ബോർഡിന് വേണ്ടി വാദിക്കുകയായിരുന്നു ധവാൻ.
1949 ഡിസംബർ 22ന് അർധരാത്രി കൃപാൽ സിങ്ങിെൻറ നേതൃത്വത്തിൽ 1516 പേർ പള്ളിക്കകത്ത് വിഗ്രഹം കൊണ്ടിട്ടത് കെ.കെ. നായരുടെ അറിവോടെയായിരുന്നുവെന്ന് ധവാൻ വ്യക്തമാക്കി. പള്ളിയിൽ വിഗ്രഹം പ്രത്യക്ഷപ്പെട്ടുവെന്ന് മേലുദ്യോഗസ്ഥന് നായർ എഴുതിയപ്പോൾ അതെടുത്തു മാറ്റാനായിരുന്നു ഉത്തരവിട്ടത്. എന്നാൽ, ആ ഉത്തരവ് നടപ്പാക്കുന്നതിനു പകരം വിഗ്രഹത്തിന് സംരക്ഷണം നൽകി പ്രശ്നം സങ്കീർണമാക്കുകയാണ് നായർ ചെയ്തത്. പള്ളിയിൽനിന്ന് വിഗ്രഹം എടുത്തുമാറ്റാൻ അദ്ദേഹത്തോട് നിർദേശിച്ചപ്പോൾ പള്ളി അടച്ചിട്ട് മുസ്ലിംകളെയും ഹിന്ദുക്കളെയും ഒരുപോലെ തടയണമെന്നായിരുന്നു നായരുടെ നിലപാട്. അന്ന് വിഗ്രഹം എടുത്തുമാറ്റിയിരുന്നുവെങ്കിൽ ബാബരി ഭൂമി കേസ് ഇത്തരമൊരു സങ്കീർണ അവസ്ഥയിലെത്തുമായിരുന്നില്ല. പ്രശ്നം വഷളായപ്പോൾ മുസ്ലിംകൾ പള്ളി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു ‘നായർ പരിഹാരം’ എന്നും ധവാൻ കൂട്ടിച്ചേർത്തു.
ബാബറിെൻറ കാലം തൊട്ട് ബ്രിട്ടീഷ് സർക്കാറിെൻറ കാലം വരെ പള്ളിയുടെ തുടർച്ച അംഗീകരിച്ചുവെന്ന് ധവാൻ ബോധിപ്പിച്ചു. പള്ളി പുനരുദ്ധാരണത്തിന് 15,000 രൂപ ചോദിച്ചതിെൻറ രേഖയും ബ്രിട്ടീഷുകാരുടെ കാലത്ത് പള്ളിക്ക് ഗ്രാൻഡ് അനുവദിച്ചതിെൻറ രേഖയും രാജീവ് ധവാൻ സുപ്രീം കോടതിക്ക് മുമ്പാകെ വെച്ചു. വർഗീയ കലാപത്തിൽ േകടുപാടുകൾ സംഭവിച്ച ബാബരി മസ്ജിദിന് 1934ൽ നഷ്ടപരിഹാരം നൽകാൻ വിധി വന്നിരുന്നുവെന്നും ധവാൻ വാദിച്ചു. എന്നാൽ, ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് 1860ന് മുമ്പുള്ള നിയമപരമായ രേഖകളൊന്നുമില്ലേ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോൾ രണ്ട് ഭാഗത്തുമില്ലെന്നായിരുന്നു ധവാെൻറ മറുപടി. കൈയേറി ആരാധനാലയം തകർത്തുവെന്ന് മുസ്ലിംകളെ കുറിച്ച് പറയുന്നവരാണ് 1992 ഡിസംബർ ആറിന് ശരിക്കും ആരാധനാലയം തകർത്തതെന്ന് ധവാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.