ബാബരി ഭൂമിയുടെ സംരക്ഷണം: നിരീക്ഷണത്തിന് രണ്ട് പുതിയ ജഡ്ജിമാർ
text_fieldsന്യൂഡൽഹി: അയോധ്യയിലെ തർക്കത്തിലുള്ള ബാബരി മസ്ജിദ്-രാമജന്മഭൂമിയുടെ സംരക്ഷണവും പരിപാലനവും നിരീക്ഷിക്കാൻ രണ്ട് പുതിയ ജഡ്ജിമാർ. ഇവരുടെ നിയമനം ഉടനെയുണ്ടാകും. രണ്ട് അഡീഷനൽ ജില്ല ജഡ്ജിമാരെയോ സ്പെഷൽ ജഡ്ജിമാരെയോ 10 ദിവസത്തിനകം നാമനിർദേശം ചെയ്യാൻ സുപ്രീംകോടതി അലഹബാദ് ഹൈകോടതിക്ക് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ, നിലവിലെ രണ്ട് നിരീക്ഷകരിൽ ഒരാൾ സർവിസിൽനിന്ന് വിരമിക്കുകയും രണ്ടാമത്തെയാൾ ൈഹകോടതി ജഡ്ജിയാവുകയും ചെയ്തതായി അലഹബാദ് ഹൈകോടതി രജിസ്ട്രിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി അറിയിച്ചു.
നിരീക്ഷകരാക്കാൻ പരിഗണിക്കപ്പെടുന്ന അഡീഷനൽ ജില്ല ജഡ്ജിമാരുടെയും സ്പെഷൽ ജഡ്ജിമാരുടെയും പട്ടിക അദ്ദേഹം കൈമാറുകയും ചെയ്തു. തുടർന്നാണ് 10 ദിവസത്തിനകം നിരീക്ഷകരെ നിയമിക്കാൻ ഉത്തരവുണ്ടായത്.
നേരത്തേയുള്ള ഉത്തരവിെൻറ കാലാവധിയും സ്വഭാവവും പരിഗണിച്ച് എത്രയും വേഗം രണ്ട് അഡീഷനൽ ജില്ല ജഡ്ജിമാരെയോ സ്പെഷൽ ജഡ്ജിമാരെയോ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് നിയമിക്കണമെന്നും 10 ദിവസത്തിനകം നിയമനം വേണമെന്നും പറഞ്ഞ സുപ്രീംകോടതി, ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ അലഹബാദ് ഹൈകോടതി രജിസ്ട്രിക്ക് അയക്കാൻ നിർദേശിച്ചു. അതേസമയം, 2003ൽ നിരീക്ഷകരായി നിയമിക്കപ്പെട്ട ടി.എം. ഖാൻ, എസ്.കെ. സിങ് എന്നിവർ മികച്ച സേവനമാണ് നടത്തിയതെന്നും 14 വർഷമായി തുടർന്ന അവരെ എന്തിനാണ് കോടതി മാറ്റിയതെന്നും കേസിലെ ഒരു കക്ഷിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു. ഇത് വളരെ സൂക്ഷ്മത ആവശ്യമുള്ള വിഷയമാെണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, നിരീക്ഷകരിൽ ഒരാൾ ഇപ്പോൾ പദവി വഹിക്കുന്നില്ലെന്നും അതിനാൽ അദ്ദേഹത്തിന് തുടരാൻ സാധിക്കില്ലെന്നും പ്രതികരിച്ച സുപ്രീംകോടതി, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടാമെന്ന് പറഞ്ഞു. ‘‘നിരീക്ഷകരിൽ ഒരാൾ ഹൈകോടതി ജഡ്ജിയായിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ അദ്ദേഹത്തോട് തർക്കഭൂമിയിൽ പോകണമെന്നും കാര്യങ്ങൾ നിരീക്ഷിക്കണമെന്നും നിർദേശിക്കാനാവില്ല’’ -ബെഞ്ച് വ്യക്തമാക്കി. ദീർഘകാലമായി പരിഗണനയിലുള്ള ബാബരി മസ്ജിദ് കേസിൽ ഡിസംബർ അഞ്ചിന് അന്തിമവാദം ആരംഭിക്കുമെന്ന് ആഗസ്റ്റ് 11ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിെൻറ 25ാം വാർഷികമാണ് ഇൗ വർഷം ഡിസംബർ ആറ്. നാല് സിവിൽ കേസുകളിൽ അലഹബാദ് ഹൈകോടതി 2010ൽ പുറപ്പെടുവിച്ച വിധിക്കെതിരെ സുപ്രീംകോടതിയിൽ 13 അപ്പീലുകളുണ്ട്. ഇത് ഒരുമിച്ച് പരിഗണിക്കുന്ന കാര്യത്തിൽ നേരത്തേ കോടതി ധാരണയിലെത്തിയിരുന്നു.
അയോധ്യയിലെ 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾക്ക് വിഭജിക്കാനാണ് അലഹബാദ് ഹൈകോടതി വിധി. മൂന്നംഗ ബെഞ്ചിൽനിന്ന് ഭൂരിപക്ഷ വിധിയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.