ബാബരി മസ്ജിദ് ഉണ്ടായിരുന്നെങ്കിൽ വിധി എങ്ങനെ?
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ തർക്കത്തിൽ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ഒരു ചോദ്യം ഉയരുന്നു: വിജയിച്ചത് വിശ്വാസമോ വസ്തുതയോ? ശ്രീ രാമെൻറ ജന്മഭൂമിയിലാണ് ബാബരി മസ്ജിദ് നിലനിന്നതെന്ന വിശ്വാസവും ഐതിഹ്യവുമാണ് സുപ്രീംകോടതി വിധിയിൽ മേൽക്കൈ നേടിയത്. അവിടെ ബാബരി മസ്ജിദിനു മുമ്പ് ക്ഷേത്രം നിലനിന്നതായി പുരാവസ്തു വകുപ്പ് കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ബാബരി മസ്ജിദ് തകർക്കപ്പെട്ടിരുന്നില്ലെങ്കിൽ ഉടമാവകാശ തർക്കത്തിൽ സുപ്രീംകോടതിക്ക് ഇങ്ങനെ വിധിപറയാൻ കഴിയുമോ? ഉടമാവകാശ തർക്കം തുടർന്നു പോരുന്നതിനിടയിലാണ് ഹിന്ദുത്വശക്തികൾ ബാബരി മസ്ജിദ് പൊളിച്ചത്. ബാബരി നിലനിന്നിരുന്നുവെങ്കിൽ, ആ സാഹചര്യത്തിന് അനുസൃതമായി വിധി മാറിപ്പോകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു കാര്യം. ഇതിനിടയിൽ ഹൈന്ദവ വിശ്വാസത്തിന് മുൻതൂക്കം ലഭിച്ച വിധി, ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് നടക്കാൻ ഹിന്ദുത്വ ശക്തികൾക്ക് കിട്ടിയ മറ്റൊരു ഊന്നുവടിയായിയെന്ന വിമർശനവും ഉയരുന്നുണ്ട്.
അയോധ്യയിലെ ക്ഷേത്രനിർമാണ കോലാഹലങ്ങൾ ഉയർത്തി, മാന്ദ്യം മുതൽ കാതലായ വിഷയങ്ങൾ അവഗണിച്ച് മുന്നോട്ടുപോകാൻ ബി.ജെ.പിക്ക് അവസരം ലഭിക്കുകയാണ്. 370ാം വകുപ്പ്, രാമക്ഷേത്ര നിർമാണം എന്നിവ പിന്നിട്ട ബി.ജെ.പിയുടെ പ്രമുഖ മുദ്രാവാക്യങ്ങളിൽ ബാക്കിനിൽക്കുന്നത് ഏകസിവിൽ കോഡാണ്. ദേശീയ പൗരത്വപ്പട്ടിക, ഒറ്റ തെരഞ്ഞെടുപ്പ് തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളും അതിനിടയിൽ ബാക്കിനിൽക്കുന്നു. ഇവക്കായുള്ള ശ്രമങ്ങളും രാഷ്ട്രീയ ലാഭം കണക്കുകൂട്ടി ബി.ജെ.പി തരാതരം പോലെ പുറത്തെടുത്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.