ബാബരി കേസ്: ബി.ജെ.പി നേതാക്കൾ ഇന്ന് കോടതിയിൽ
text_fieldsലഖ്നൊ: ബാബരി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, ഉമ ഭാരതി, മുരളി മനോഹർ ജോഷി എന്നിവർ ഇന്ന് ലഖ്നോ കോടതിയിൽ ഹാജരാകും. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു.
കേസിൽ ബി.ജെ.പിയുടെ ഉന്നത നേതാക്കൾക്കെതിരായ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്നും അവർ വിചാരണ നേരിടേണ്ടിവരുമെന്നും കഴിഞ്ഞ മാസം 19ന് സുപ്രീംകോടതി പ്രസ്താവിച്ചിരുന്നു. റായ്ബറേലി കോടതിയിൽനിന്ന് ഇവരുടെ കേസ് ലഖ്നോ കോടതിയിലേക്ക് സുപ്രീംകോടതി മാറ്റുകയും ചെയ്തു. രണ്ട് കുറ്റപത്രങ്ങളുള്ള കേസിൽ രണ്ടാമത്തേതിലാണ് അദ്വാനി, ജോഷി, ഉമ ഭാരതി, വിനയ് കത്യാർ, സാധ്വി ഋതംബര, വിഷ്ണു ഹരി ഡാൽമിയ എന്നിവരടക്കം 13 പേർക്കെതിരെ കർസേവകരെ പള്ളി തകർക്കാൻ പ്രേരിപ്പിക്കുംവിധം പ്രസംഗിച്ചുവെന്ന ആരോപണമുള്ളത്.
കേസിൽ വാദം തുടങ്ങിയ പ്രത്യേക കോടതി, 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത സംഭവത്തിലെ ഗൂഢാലോചനയിൽ ബി.ജെ.പി നേതാക്കൾക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അദ്വാനി, ജോഷി, ഉമ ഭാരതി എന്നിവരോട് കുറ്റം ചുമത്തുന്ന വേളയിൽ നേരിട്ട് ഹാജരാകാൻ മുമ്പ് കോടതി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ഒന്നിലെ ആറ് പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതും ലഖ്നോ പ്രത്യേക കോടതി ഇന്നത്തേക്ക് നീട്ടിയിരുന്നു. കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് അഞ്ച് പ്രതികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീയതി നീട്ടിയത്. ശിവസേന എം.പി. സതീഷ് പ്രധാൻ ഹാജരായെങ്കിലും മറ്റ് അഞ്ചുപേരും അവധി ചോദിച്ച സാഹചര്യത്തിൽ ഒരാൾക്ക് മാത്രമായി കുറ്റം ചുമത്താൻ സാധിക്കില്ലെന്ന് പ്രത്യേക കോടതി ജഡ്ജി എസ്.െക. യാദവ് പറഞ്ഞു.
ഇനി മറ്റൊരു നീട്ടിവെക്കൽ ഉണ്ടാകില്ലെന്നും കോടതി മുന്നറിയിപ്പു നൽകി. മഹന്ത് നൃത്യ ഗോപാൽ ദാസ്, മഹന്ത് രാംവിലാസ് വേദാന്തി, വൈകുണ്ഠ് ലാൽ ശർമ, ചമ്പത് റായ് ബൻസാൽ, ധരം ദാസ് എന്നിവരാണ് കോടതിയിൽ ഹാജരാകാതിരുന്നത്. സതീഷ് പ്രധാന് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മേയ് 20ന് വാദം തുടങ്ങിയ ദിവസം കേസിലെ പ്രതികളായ മറ്റ് അഞ്ച്പേർക്ക് സുപ്രീംകോടതി നിർദേശപ്രകാരം പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.