ബി.ജെ.പി, ആർ.എസ്.എസ് ഗൂഢാലോചനക്ക് രാജ്യം സാക്ഷി -കോൺഗ്രസ്
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്. സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി ഭരണാഘടനാമൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും സുപ്രീംകോടതി വിധിക്ക് എതിരാണെന്നും കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2019 നവംബർ ഒൻപതിനുള്ള സുപ്രീം കോടതി വിധിയിൽ ബാബരി മസ്ജിദിൻെറ ധ്വംസനം നിയമവിരുദ്ധമാണെന്ന് അഞ്ചുജഡ്ജിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ സി.ബി.ഐ കോടതി എല്ലാവരെയും വെറുതെ വിട്ടിരിക്കുകയാണ്. ഇത് സുപ്രീംകോടതി വിധിയെ എതിർക്കുന്നതാെണന്നും സുർജേവാല അഭിപ്രായപ്പെട്ടു.
സാമുദായിക ഐക്യം തകർത്ത് രാജ്യത്തിൻെറ അധികാരം കൈയടക്കാൻ ബി.ജെ.പിയും ആർ.എസ്.എസും നടത്തിയ ഗൂഡാലോചനക്ക് രാജ്യം മൊത്തം സാക്ഷിയാണെന്നും സുർജേവാല കൂട്ടിച്ചേർത്തു.
ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഉൾപ്പെടെ 32 പ്രതികളെയും വെറുതെവിട്ടു. രണ്ടായിരത്തോളം പേജ് വരുന്നതാണ് വിധിപ്രസ്താവം. 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. കേസ് തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്ന് ജഡ്ജി പറഞ്ഞു. ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് വിധി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.