നീറുന്ന ഓർമകളുമായി ബാബരി ദിനം; നീതി പുലരും, ഇന്ത്യ അതിജയിക്കും
text_fieldsന്യൂഡൽഹി: നീതിയുടെ അവശേഷിച്ച വെളിച്ചം പോലും കെട്ടുപോകുന്ന കാലത്ത് ചുട്ടുപൊള്ളിക്കുന്ന ഓർമകളുമായി വീണ്ടുമൊരു ബാബരി ദിനം. ഭരണഘടനയെയും നീതിപീഠത്തെയും വെല്ലുവിളിച്ച് മതേതര ഇന്ത്യയുടെ താഴികക്കുടങ്ങൾക്കുമീതെ ഹിന്ദുത്വ വർഗീയ ഫാഷിസ്റ്റുകൾ ഭീകരാക്രമണം നടത്തിയിട്ട് ഇന്നേക്ക് 28 വർഷം.
രാജ്യം കാത്തുസൂക്ഷിച്ച സാഹോദര്യ സങ്കൽപങ്ങളുടെ സമ്പൂർണ ലംഘനമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. സംഘ്പരിവാർ വിഭാവനം ചെയ്യുന്ന അസഹിഷ്ണുത മുറ്റിയ, അവകാശങ്ങൾ അപഹരിക്കപ്പെടുന്ന ആപത്കരമായൊരു സങ്കുചിത രാഷ്ട്രത്തിെൻറ അസ്തിവാരമിടലുമായിരുന്നു അത്.
പള്ളി തകർത്തതിനു പിന്നാലെ ആയിരക്കണക്കിന് ജീവിതങ്ങളെ ഇല്ലാതാക്കിയ സംഘടിത വർഗീയ കലാപങ്ങൾ, ആസൂത്രിത വംശഹത്യകൾ.... ലോകത്തിനു മുന്നിൽ ഇന്ത്യയുടെ തലതാഴ്ന്ന നാളുകൾ. വർഗീയഭീകരർ ചെയ്ത തെറ്റിനെ നീതിപീഠം തിരുത്തുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു സമാധാന കാംക്ഷികളായ ഓരോ ഇന്ത്യക്കാരും.
പരമോന്നത കോടതിയിലെ വ്യവഹാരം ഇഴഞ്ഞുനീങ്ങുേമ്പാഴും, അന്യായകരമായ വിധിന്യായം വന്നപ്പോഴും വർഗീയശക്തികൾ പ്രകോപനം തീർക്കുേമ്പാഴും മതനിരപേക്ഷ ബഹുസ്വര ഇന്ത്യ പ്രതീക്ഷ കൈവിട്ടില്ല. രാജ്യത്തെ ദുഃസ്ഥിതിയിലേക്ക് തള്ളിവിട്ടവർ, മനുഷ്യരെ പരസ്പരം കൊല്ലിച്ച് രക്തപ്പുഴക്കു മുകളിലൂടെ രഥചക്രമുരുട്ടിയവർ ശിക്ഷിക്കപ്പെടുമെന്നുതന്നെ നാം വിശ്വസിച്ചു.
ആ പ്രതീക്ഷയുടെ ഗോപുരങ്ങളും അടിച്ചുതകർക്കപ്പെട്ട വർഷമായാവും 2020നെ ചരിത്രം അടയാളപ്പെടുത്തുക. മസ്ജിദ് നിലനിന്ന ഭൂമിയിൽ ഹിന്ദുത്വരുടെ ആസ്ഥാനമന്ദിരത്തിന് ശിലപാകി. പള്ളിപൊളിക്കാൻ ആഹ്വാനവും നേതൃത്വവും നൽകിയ കാവിനായകരെയെല്ലാം വെറുതെവിട്ടു. ആ ആനുകൂല്യത്തിൽ ഇനിയുമൊരുപാട് ആരാധനാലയങ്ങൾക്കുമേൽ അതിക്രമം തുടരുമെന്ന് അവർ ഭീഷണിയും മുഴക്കുന്നു. ഫാഷിസത്തിന് പക്ഷേ ജയിക്കാനാവില്ല, ഇന്ത്യയുടെ കരുതലിെൻറ കരുത്തിനെ കീഴ്പ്പെടുത്താനും കഴിയില്ല.
അന്യായത്തിനു കൂട്ടുനിൽക്കുന്ന സംഘത്തിൽ ഞങ്ങളില്ലെന്നു വിളിച്ചുപറയുന്നൊരു ജനത ഉയർന്നുവരുന്നുണ്ട്. സത്യം വിളിച്ചുപറയുന്ന നാവുകളെ നിശ്ശബ്ദമാക്കാൻ വെടിയുണ്ടകൾ തുളച്ചുപായുേമ്പാഴും ഇതല്ല ഞങ്ങൾ സ്വപ്നം കണ്ട നാടെന്ന് തിരുത്താൻ ഒരുെമ്പടുന്ന പൗരസമൂഹം ഉറച്ചുനിന്ന് വിളിച്ചുപറയുന്നു എന്നത് ധൈര്യം തന്നെയാണ്. അനീതിക്കെതിരായ നിശ്ശബ്ദതയാണ് വലിയ അപകടമെന്ന് ഓർമപ്പെടുത്തുന്നു ബാബരി ധ്വംസനവും തുടർ ചരിത്രവും. നെറികേടിനാൽ നെഞ്ചുകീറുേമ്പാഴും നീതി പുലരുമെന്ന വിശ്വാസം കെടാതെ സൂക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.